മർദ്ദിച്ചത് വനംവകുപ്പ് ഉദ്യാേഗസ്ഥൻ

പരാതിയിൽ പൊലീസ് കേസെടുത്തു

മറയൂർ: സംരക്ഷിത വനമേഖലയിൽ നിന്ന് ശനിയാഴ്ച ചന്ദനമരങ്ങൾ വെട്ടിക്കടത്തിയതിനെ തുടർന്ന് വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ വനംവകുപ്പിലെ താത്കാലിക വാച്ചറെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. 14 വർഷമായി ചന്ദന സംരക്ഷണ ജോലി ചെയ്തുവരുന്ന ഊരുവാസൽ സ്വദേശി മാരിയപ്പനെ (62) മർദ്ദിച്ചെന്നാണ് പരാതി. സമീപത്തെ സ്റ്റേഷനിൽ നിന്നെത്തിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാമകൃഷ്ണൻ ചെവിക്കും മുഖത്തും മർദ്ദിച്ച ശേഷം നിലത്തിട്ട് ചവട്ടിയതായി മാരിയപ്പൻ മറയൂർ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. മറയൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാരിയപ്പനിൽ നിന്ന് മറയൂർ പൊലീസ് മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

=മറയൂർ ചന്ദന ഡിവിഷനിൽ ഏറ്റവുമധികം ചന്ദനമരങ്ങൾ വളരുന്നത് നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നാച്ചിവയൽ ചന്ദന റിസർവ്വിലാണ്.

മാരിയപ്പൻ മൂന്നാർ- മറയൂർ റോഡിന്റെ ഭാഗത്താണ് കാവൽ നിന്നിരുന്നത്. മരം പോയത് അറിഞ്ഞതിനെ തുടർന്ന് മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നതിന് ഇടയിൽ സമീപത്തെ മറയൂർ സ്റ്റേഷനിൽ നിന്നെത്തിയ രാമകൃഷ്ണനാണ് 62 കാരായ മാരിയപ്പനെ ക്രൂരമായി മർദ്ദിച്ചതെന്ന് പറയുന്നത്. മർദ്ദനത്തെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മാരിയപ്പൻ അപ്പോൾ വീട്ടിലേക്ക് മടങ്ങുകയും മുഖത്തെയും ചെവിയുടെയും വേദന അസഹിനീയമായതിനെ തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. മാരിയപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മറയൂർ പൊലിസ് എഫ്‌.ഐ.ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുരക്ഷയുണ്ടായിട്ടും വൻ മോഷണം

12 അടിയിൽ അധികം ഉയരമുള്ള സംരക്ഷണ വേലിയും 24 മണിക്കൂറും കാവലും പട്രോളിംഗും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സംരക്ഷണമുള്ള റിസർവ്വിൽ നിന്ന് വലുപ്പമുള്ള 11 ചന്ദന മരങ്ങളാണ് മോഷ്ടാക്കൾ മുറിച്ചുകടത്തിയത്. 2021ലാണ് ഇതിന് മുമ്പ് നാച്ചിവയൽ ചന്ദന റിസർവ്വിൽ നിന്ന് ഒരു ചന്ദന മരം മുറിച്ചുകടത്തിയത്. തമിഴ്നാട് വനംവകുപ്പിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയും കടത്തിയ ചന്ദനത്തടികൾ കണ്ടെത്തുകയും ചെയ്തിരുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെ ചന്ദന സംരക്ഷണം നടന്നിരുന്ന 2005 കാലഘട്ടത്തിൽ പോലും ഇത്തരത്തിൽ ചന്ദന മരങ്ങൾ വെട്ടികടത്തിയിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചന്ദന മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം സ്വദേശി ലിജീഷ് നേതൃത്വം നൽകുന്ന പതിനൊന്നഗം സംഘത്തെ പിടികൂടിയിരുന്നു. ഇതിനിടയിലാണ് വൈകിട്ട് ശനിയാഴ്ച രാത്രി ഒമ്പതിനും പത്തിനും ഇടയിലുള്ള സമയം കോഴിപ്പന്ന ഭാഗത്ത് നിന്ന് നാലു ചന്ദന മരങ്ങൾ വെട്ടിക്കടത്തിയത്. വനം വകുപ്പിലെ സ്ഥിരം ജീവനക്കാരായ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും താത്കാലിക വാച്ചർമാരും ഉൾപ്പെടുന്ന സംഘത്തിനാണ് ഒരോ മേഖലയുടെയും സംരക്ഷണ ചുമതല. വീഴ്ച സംഭവിച്ചാൽ താത്കാലിക വാച്ചർമാരെ പഴിചാരി സ്ഥിരം ജീവനക്കാർ രക്ഷപ്പെടുകയാണ് പതിവെന്നാണ് വാച്ചർമാർക്കിടയിലുള്ള പരാതി.