drown


കട്ടപ്പന :കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സർവ്വേ ഓഫ് ഇന്ത്യയ്ക്കു വേണ്ടിയുള്ള ഡ്രോൺ സർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി.
നഗരസഭയുടെ ഓരോ മുക്കും മൂലയും ഉൾക്കൊള്ളിച്ച് അതിനൂതനമായ മാപ്പ് തയ്യാറാക്കി മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ സർവ്വേ . ഇതുവഴി നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വികസന പദ്ധതികൾ നടപ്പിലാക്കാനും,ജല സുരക്ഷയ്ക്ക് മുൻഗണന നൽകി പദ്ധതികൾ ആവിഷ്‌കരിക്കാനും സാധിക്കും.120 മീറ്റർ ഉയരത്തിൽ ഒരു കിലോമീറ്റർ ആകാശ വിസ്തൃതിയിലാണ് ഡ്രോണിന്റെ സർവ്വേ . ജില്ലയിൽ തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ സർവ്വേയ്ക്കാണ് തുടക്കമായത്.
സർവ്വേ ഓഫ് ഇന്ത്യയ്ക്കു വേണ്ടി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സപ്തർഷി കമ്പനിക്കാണ് സർവ്വേയുടെ ചുമതല. സർവ്വേയുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ മാപ്പ് തയ്യാറാക്കുമെന്ന് സർവ്വേക്ക് മേൽനോട്ടം വഹിക്കുന്ന ജില്ലാ ടൗൺ പ്ലാനർ മുഹമ്മദ് മുസ്തഫ വ്യക്തമാക്കി. ഒരു മാസം കൊണ്ട് ജില്ലയിലെ 2 നഗരസഭകളിലെയും സർവ്വേ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.