തൊടുപുഴ: കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ജില്ലാ കരിയർ ഗൈഡൻസ് സെലിന്റെ നേതൃത്വത്തിൽ

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള തുടർപഠന സാധ്യതകളെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തൻ അവസരങ്ങളെയും പറ്റി അറിയുന്നതിന് 'ദിശ' 2024 മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കന്ററി സ്‌കൂളിൽ 29, 30 തീയതികളിൽ നടത്തും. നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം നിർവഹിക്കും. കോട്ടയം ആർ.ഡി.ഡി വിജി പി എൻ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഫാ. പോൾസ് ഇടത്തൊട്ടിയിൽ, വാർഡ് കൗൺസിലർ സനു കൃഷ്ണ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെൽ അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. ദേവി സി.എസ്, തൊടുപുഴ വിദ്യാഭ്യാസ ജില്ല കൺവീനർ ജോയിസ് മാത്യു, കരിമണ്ണൂർ സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ബിസ്സോയ് മാത്യു എന്നിവർ ആശംസകൾ നേരും. ഗവൺമെന്റ് എയ്ഡഡ് മേഖലകളിലെ 18ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്സ്‌പോയിൽ പ്രദർശനം നടത്തും. 30 സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. വിദ്യാഭ്യാസ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, കൗൺസിലിംഗ് സെഷനുകൾ എന്നിവ നടത്തും. വിദ്യാർത്ഥികളുടെ അഭിരുചി കണ്ടെത്തുന്നതിനായി കെഡാറ്റ് പരീക്ഷയും നടത്തും. ഇതിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ച് ജില്ലയിലെ ഹയർസെക്കന്ററി കരിയർ ഗൈഡുമാരുടെ നേതൃത്യത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.