ngosangh

തൊടുപുഴ: സർക്കാർ ജീവനക്കാർക്ക് ഏറ്റവുമധികം ക്ഷാമബത്ത കുടിശികയുള്ളത് കേരളത്തിലാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി വി.കെ. സാജൻ. ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻ.ജി.ഒ സംഘ് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ അനുവദിച്ച അഞ്ച് ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശികയും കിട്ടാനുള്ള 19 ശതമാനം ക്ഷാമബത്തയും ഉടൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ധർണ്ണയിൽ ജില്ലാ പ്രസിഡന്റ് വി. ബി പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ടി. ബാലുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എം. മഞ്ജുഹാസൻ, വനിതാ കമ്മിറ്റി സെക്രട്ടറി മഞ്ജു പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.