തൊടുപുഴ: താളമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരത്തി പ്രൗഡഗംഭീര ചടങ്ങുകളോടെ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഇനിയുള്ള ദിനങ്ങൾ നാടിന്റെ കൂടി ഉത്സവമായി മാറുന്ന മേളയ്ക്ക് കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ.വി.എച്ച്.എസ് സ്‌കൂളിലാണ് തിരിതെളിഞ്ഞത്.നങ്കിസിറ്റി സ്‌കൂളിലെ പ്രധാനവേദിക്ക് പുറമേ സെന്റ് മേരീസ് എൽ.പി സ്‌കൂൾ, കഞ്ഞിക്കുഴി പാരീഷ് ഹാൾ, മിനി പാരീഷ് ഹാൾ, അപ്പൂസ് ഹാൾ, വി.എച്ച്.എസ്.ഇ ബിൽഡിംഗ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പത്ത് വേദികളിലാണ് മത്സരം നടക്കുക. ഏഴ് ഉപജില്ലകളിൽ നിന്നായി 4500ലധികം കലാപ്രതിഭകൾ മത്സരിക്കും. ഇന്നലെ രാവിലെ വിളംബരജാഥ കഞ്ഞിക്കുഴി സി.ഐ ജി. അനൂപ് ഫ്ളാഗ് ഓഫ് ചെയ്തു സ്കൂൾ മാനേജർ ബിജു മാധവൻ,.വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. വിവിധ കലാരൂപങ്ങൾ വിലംബര ജാഥയ്ക്ക് മികവേകി. വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി ചടങ്ങിന് മുന്നോടിയായി പതാക ഉയർത്തി.മോണാആക്ട്, മിമിക്രി, വയലിൻ പാശ്ചാത്യം, വയലിൻ പൗരസ്ത്യം, ഗിത്താർ, വൃന്ദവാദ്യം, വീണ, ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം,തമിഴ് പ്രസംഗം, തമിഴ് സാഹിത്യോത്സവം, ഭരതനാട്യം, കുച്ചിപ്പുഡി, ഓടക്കുഴൽ, തബല, മൃദംഗം,മദ്ദളം, ക്ലാരിനെറ്റ്,നാദസ്വരം, ട്രിപ്പിൾ ജാസ്, കഥാപ്രസംഗം, ബാൻഡ് മേളം, രചനാ മത്സരങ്ങൾ, ചിത്രരചന എന്നിങ്ങനെ വിവിധ മത്സരങ്ങൾ ഇന്ന് പത്ത് വേദികളിലായി നടക്കും.
സ്‌കൂൾ കലോത്സവം നാടിനെ
ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്‌കൂൾ കലോൽസവമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 35ാമത് ഇടുക്കി ജില്ലാ സ്‌കൂൾ കലോത്സവം കഞ്ഞിക്കുഴി എസ്.എൻ.എച്ച്. എസ്.എസ് സ്‌കൂളിൽ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. കാലഹരണപെട്ട നാടൻ കലാരൂപങ്ങളെ നാടിന് പരിചയപ്പെടുത്തുന്നു എന്നതാണ് സ്‌കൂൾ കലോൽസവത്തിന്റെ പ്രത്യേകത. നാടും നാട്ടാരും ഒന്ന് ചേരുന്ന കാഴ്ച. കലാകാരന്മാരെ ഒരുമിച്ച് ചേർക്കാൻ കഴിയുന്ന ഇടമാണിതെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് വയലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഭവ്യ കണ്ണൻ, സ്കൂൾ മാനേജർ ബിജു മാധവൻ. ഹരിതചട്ട സമിതി അദ്ധ്യക്ഷ ടിൻസി തോമസ്, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി, സ്വീകരണ സമിതി കൺവീനർ ഷൈൻ ജോസ് ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.