തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ശ്രീമദ് ഭഗവത്ഗീതാഭാഷ്യപാരായണാഞ്ജലി ഇന്നു മുതൽ ഡിസംബർ 1 വരെ നടക്കും. ഭഗവത് ഭക്തപാദമണ്ഡലിയുടെ ആഭിമുഖ്യത്തിൽ ഹിമാലയത്തിൽ ആരംഭിച്ച ശങ്കരഭാഷ്യാപാരായണഞ്ജലിയുടെ പാത പിൻതുടർന്നാണ് ഭഗവത്ഗീതാ ഭാഷ്യാപാരായണഞ്ജലി നടത്തുന്നത്. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പണ്ഡിതപ്രമുഖരും സന്യാസിശ്രേഷ്ഠന്മാരും നേതൃത്വം നൽകും. ഇന്ന് വൈകിട്ട് 4.30ന് ദീപപ്രോജ്ജ്വലനം, പ്രാർത്ഥന എന്നിവയോടു കൂടി ഉദ്ഘാടനസഭ ആരംഭിക്കും. കോർഡിനേറ്റർ സി.സി. കൃഷ്ണൻ സ്വാഗതവും സംസ്‌കൃത പണ്ഡിതൻ രാജശേഖരൻ എം.ജി. ആമുഖപ്രഭാഷണവും നടത്തും. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ബ്രഹ്മപരമാനന്ദജി ഉദ്ഘാടനം നിർവഹിക്കും.ഗുരുവായൂർ മുൻമേൽശാന്തി ഏഴിക്കോട് സതീശൻ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, അഭിജിത്ത് പരമേശ്വരൻ എന്നിവർ ആശംസകൾ നേരും. ക്ഷേത്രം മാനേജർ ബി. ഇന്ദിര നന്ദി പറയും.