തൊടുപുഴ: വായ്പ കുടിശികയുടെ പേരിൽ അമ്മയും വല്യമ്മയും കൊച്ചു കുട്ടികളുമടക്കമുള്ള കുടുബത്തെ പെരുവഴിലാക്കാനുള്ള ശ്രമവുമായി ബാങ്ക് അധികൃതർ. വീട്ടിൽ നിന്ന് ഇറങ്ങില്ലെന്ന് ഇവർ പറഞ്ഞതോടെ ഇവരെ വീടിനുള്ളിൽ ആക്കി പൂട്ടാനും ശ്രമിച്ചതായി പരാതി. പഴുക്കാകുളം കാഞ്ഞിരംപാറ താന്നിക്കൽ രജീഷ് ഗോപിയുടെ വീട്ടിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് തൊടുപുഴ സെൻട്രൽ ബാങ്ക് അധികൃതർ ജപ്തിക്കായി എത്തിയത്. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ജപ്തി നടപടി താൽക്കാലികമായി മാറ്റി വയ്ക്കുകയും അധികൃതർ തിരികെ പോകുകയും ചെയ്തു. 2015ൽ രജീഷും സഹോദരൻ രമേഷുംചേർന്ന് ബിസിനസ് ആവശ്യത്തിനായി ഇവരുടെ പേരിലുള്ള 5 സെന്റ് സ്ഥലം ഈട് വച്ച് ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ എടുത്തത്. ഇത് കുറെ തിരികെ അടച്ചതായി ഇവർ പറയുന്നു. ഇപ്പോൾ 14.5 ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഈ സമയം വീട്ടിൽ രജീഷിന്റെ അമ്മയും ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമാണ് ഉണ്ടായിരുന്നത്. പൊലീസും ബാങ്ക് അധികൃതരും എത്തിയതോടെ നാട്ടുകാരും എത്തി. ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ സമയം രജീഷും സഹോദരൻ രമേഷും ഇവരുടെ പിതാവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതിനിടെ വീട് പൂട്ടാൻ മരപ്പണിക്കാരെ വിളിച്ചെങ്കിലും ആദ്യം വന്നവർ പിൻവാങ്ങി. പിന്നീട് വേറെ ആളെ വിളിച്ചു കൊണ്ടു വന്നെങ്കിലും പൂട്ടാതെ അടുത്ത മാസം 11നകം വായ്പ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ തിരികെ പോയി.