കോലഞ്ചേരി: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ കൂടെ ഉണ്ടായിരുന്നയാളെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്ന് രക്ഷപെടാൻ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ കുന്നത്തുനാട് പൊലീസ് പിടികൂടി. തൊടുപുഴ മഞ്ഞള്ളൂർ മടക്കത്താനം വടക്കേത്തറ ലിവിൻ ബെന്നിയാണ് (40) പിടിയിലായത്. തിങ്കളാഴ്ച രാത്രി എട്ടോടെ മംഗലത്തുനട കുറ്റിപ്പിള്ളിക്കടുത്താണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുറ്റിപ്പിള്ളി വരാപ്പിള്ളി പ്രസാദ്കുമാറി​നെ (47) കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശി​പ്പി​ച്ചു. അപകടനില തരണം ചെയ്തിട്ടില്ല.

ചെറുകിട തടിവ്യാപാരിയാണ് പ്രസാദ്. രണ്ട് ദിവസം മുമ്പാണ് പണിക്കാരനായി ലിവിൻ എത്തുന്നത്. ഒരാഴ്ച മുമ്പാണ് വിവിധ കേസുകളിൽ പ്രതിയായ ലിവിൻ ജയിൽ മോചിതനായത്. കുറ്റിപ്പിള്ളിയിലെ പ്രസാദിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് അക്രമമുണ്ടായത്. അഞ്ചു പേരാണ് മദ്യപസംഘത്തിലുണ്ടായിരുന്നത്. രാത്രി 8.30 ഓടെ കുറ്റിപ്പിള്ള് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ലിവിനെ പിടികൂടി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കൈയിൽ 40000 രൂപയോളം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രസാദിന്റെ പണമാണെന്ന് പറയുന്നത്. നാട്ടുകാർ ഇയാളെയുംകൂട്ടി വീട്ടിലെത്തിയപ്പോൾ പ്രസാദിനെ തലപിളർന്ന് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായി​രുന്നു. ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.

പ്രസാദിനെ ഉടനെ കോലഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. മദ്യപസംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി 30 ലധികം കേസിലെ പ്രതിയും അടുത്തി​ടെ കാപ്പക്കേസിൽ പ്രതിചേർത്ത ആളുമുൾപ്പെടെ സംഘത്തിലുണ്ട്. ലിവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റുള്ളവരുടെ പങ്കിനെക്കുറി​ച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.