കട്ടപ്പന :ജില്ലയിൽ കുടിയൊഴിപ്പിക്കലുകളും കർഷകദ്രോഹ നിയമങ്ങളും ഉണ്ടായിട്ടുള്ളത് യു.ഡി.എഫ് സർക്കാരുകളുടെ കാലത്താണെന്ന് എം എം മണി എം.എൽ.എ പറഞ്ഞു. സി.പി.എം സായാഹ്ന സദസ് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്ആർ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സർക്കാർ ഗൗരവപൂർവം കാണുന്നു. ഏലമല പ്രദേശം റവന്യു ഭൂമിയാണെന്നു വ്യക്തമാക്കി കോടതിയിൽ സർക്കാർ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേസിൽ കപടപരിസ്ഥിതി വാദികൾക്ക് ഒത്താശ ചെയ്യുന്നത് കോൺഗ്രസാണ്. ഇതിനുവിരുദ്ധമായി ആര് പ്രവർത്തിച്ചാലും ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്നും എം എം മണി എംഎൽഎ പറഞ്ഞു.
ഏരിയ കമ്മിറ്റിയംഗം എം സി ബിജു അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി വി. ആർ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, ടോമി ജോർജ്, കെ പി സുമോദ്, കെ. എൻ ബിനു, പൊന്നമ്മ സുഗതൻ, എസ്. എസ് പാൽരാജ്, വി വി ജോസ്, സുധർമ മോഹനൻ, കെ. എൻ വിനീഷ്‌കുമാർ, ഫൈസൽ ജാഫർ എന്നിവർ സംസാരിച്ചു.