കഞ്ഞിക്കുഴി: പച്ച വിരിച്ച പ്രകൃതിയും കലയുടെ കേളി കൊട്ടിനൊപ്പം നിറഞ്ഞു നിൽക്കുകയാണ്. വേദികളിൽ മത്സരങ്ങൾ പിരിമുറുക്കുമ്പോഴും നൂൽ മഴക്ക് ഒപ്പമുള്ള ചെറിയ തണുപ്പം മത്സരത്തിന്റെ കൊഴുപ്പിന് ഭംഗം വരുത്തിയിട്ടില്ല. കഞ്ഞിക്കുഴിയിൽ ആദ്യമായി കലയുടെ മാമാങ്കം എത്തിയപ്പോൾ സജീവ പിന്തുണയുമായി നാട്ടുകാരും ഒപ്പത്തിനൊപ്പമാണ്. കലാത്സവ വേദികളിലെത്തിയ വലിയ ജനപങ്കാളിത്തം ഇതിന് വലിയ ഉദ്ദാഹരണമാണ്. കലോത്സവത്തിന്റെ ആവേശം നാടെങ്ങും എത്തിക്കുന്നതിനായി കഞ്ഞിക്കുഴി ടൗണിനു പുറമെ വിവിധ മേഖലകളിൽ ബോർഡുകളും ബാനറുകളും ജന പങ്കാളിത്തത്തോടെ സംഘാടകർ സ്ഥാപിച്ചിരുന്നു. എല്ലാ വർഷവും തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം പോലെ ടൗണുകളുമായി ബന്ധപ്പെട്ടാണ് റവന്യൂ ജില്ലാ കലോത്സവങ്ങൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കഞ്ഞിക്കുഴിയിൽ സംഘടിപ്പിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.ഗ്രാമീണ മേഖലയിലെ പരിമിതികൾ വെല്ലുവിളി ഉയർത്തിയെങ്കിലും കലോത്സവം ഇവിടെ നടത്താൻ തീരുമാനിച്ചതോടെ ഉറച്ച പിന്തുണയുമായി പഞ്ചായത്ത് ഭരണ സമിതിയും കഞ്ഞിക്കുഴി എസ്. എൻ. സ്കൂൾ മാനേജ്മെന്റും രംഗത്തെത്തി. ഇതോടെ തങ്ങളുടെ നാട്ടിലെത്തിലെത്തിയ കൗമാരകലോൽസവം വിജയിപ്പിക്കാൻ എല്ലാവരും ഒന്നാകെ മുന്നിട്ടിറങ്ങി. മേളനഗരിയിൽ വിവിധ കച്ചവട സ്റ്റാളുകളും നിരന്നതോടെ കലോത്സവത്തിന് ഉത്സവത്തിന് സമാനമായി.