തൊടുപുഴ : മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പെയിന്റെ ഭാഗമായി ഹരിത വിദ്യാലയം പദ്ധതിയുടെ വെള്ളിയാമറ്റം പഞ്ചായത്ത് തല ഉദ്ഘാടനം ക്രൈസ്റ്റ് കിംഗ് ഹയർസെക്കന്ററി സ്‌കൂളിന് സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് പ്രസിഡന്റ് മോഹൻദാസ് പുതുശേരി നിർവ്വഹിച്ചു.വിദ്യാലയത്തിലെ അടിസ്ഥാന മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലെ മികവ്, ഹരിത ചട്ട പാലനം, വലിച്ചെറിയൽ മുക്ത പരിസരം, ജൈവ പച്ചക്കറിക്കൃഷി,പൂന്തോട്ടം, ഊർജ്ജ സംരക്ഷണ നേട്ടം, കുട്ടികളിലെ ഹരിത ശീലങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഹരിത കേരളം മിഷൻ ഈ സ്‌കൂളിനെ ഹരിത മാതൃകയായി തിരഞ്ഞെടുത്തത്. മാലിന്യമുക്ത പ്രതിജ്ഞയോടെയാണ് സ്‌കൂൾ ഹരിത സാക്ഷ്യപത്രം ഏറ്റുവാങ്ങിയത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷേർളി എം.സിറിയക് അദ്ധ്യക്ഷയായി. സ്‌കൂൾ പ്രിൻസിപ്പൽ ചന്ദ്രബോസും പ്രഥമാദ്ധ്യാപകൻ സന്തോഷ്‌കുമാറും ചേർന്ന് പ്രസിഡന്റിൽ നിന്നും ഹരിത വിദ്യാലയ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ, പഞ്ചായത്തംഗം പോൾ സെബാസ്റ്റിയൻ, പഞ്ചായത്ത് അസി. സെക്രട്ടറി കെ.ബി.സ്മിതാമോൾ , ഹെഡ് ക്ലർക്ക് ബിജു മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.