
കഞ്ഞിക്കുഴി: കലോത്സവ മുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ ഏവരും 'ഇമ്മിണി നല്ല രുചിയി'ലേക്ക് ഒന്ന് കയറും. ഇവിടെ ഭക്ഷണത്തോടൊപ്പം വിളമ്പുന്നത് സ്നേഹവുമാണ്. കഞ്ഞിക്കുഴി എസ്.എൻ എച്ച്.എസ്.എസിലെ മിടുക്കരായ എൻ.എസ്.എസ് വോളണ്ടിയർമാർ ഈ രുചികൾ വിളമ്പുന്നതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ഉറ്റ സുഹൃത്തിന്റെ തകർന്ന് കിടക്കുന്ന വീടിന് അറ്റകുറ്റ പണി നടത്താനുള്ള പണം സ്വരൂപിക്കാനാണ് ഈ സ്‌നേഹത്തിന്റെ കട തുറന്നിരിക്കുന്നത്. താൽക്കാലിക ഷെഢിൽ തയ്യാറാക്കിയ കടയിലെ അലമാരകളിൽ നിറയെ പലഹാരങ്ങളാണ്. കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കി നൽകിയവയാണിത്. ഇതിന് പുറമേ മിനറൽ വാട്ടറുകൾ, ഐസ്‌ക്രീം, പഴങ്ങൾ എന്നിവ ഉൾപ്പെടെ ലഘു ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും. കലോത്സവം നടക്കുന്ന അഞ്ച് ദിവസവും ഈ കട പ്രവർത്തിക്കും. ഇതിന് മുമ്പ് മറ്റൊരു വിദ്യാർത്ഥിയുടെ ചികിത്സാർത്ഥം ഐസ്‌ക്രീം ചലഞ്ചും ബിരിയാണി ചലഞ്ചും ഇവർ നടത്തിയിരുന്നു.98 വിദ്യാർത്ഥികളടങ്ങുന്ന എൻ.എസ്.എസ് വോളന്റിയർമാരെ നയിക്കുന്നത് പ്രോഗ്രാം ഓഫീസർ നിഖിൽ കെ.എസാണ്. എഡ്രീന റോസ് ജെയിംസ്, അജോ അജിഷ്, ആഷ്ന മേരി സജി, ബോബൻ ജോബി, അഭിലഷ്മി സജി, ഗോകുൽ സജീവൻ എന്നിവരാണ് വോളണ്ടിയർ സെക്രട്ടറിമാർ