
കഞ്ഞിക്കുഴി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന വേദികളിലെ എല്ലായിടത്തും ഓടിയെത്തി കർമ്മനിരതരായി സ്റ്റുഡൻ്റ പൊലീസ് കേഡറ്റിലെ കുട്ടികൾ. ആതിഥേയരായ നങ്കിസിറ്റി എസ്.എൻ എച്ച്.എസ്.എസ്, പുന്നയാർ സെൻ്റ് തോമസ് എച്ച്.എസ്.എസ്, പഴയരിക്കണ്ടം ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്നുള്ള 150 വോളണ്ടിയർമാരാണ് മത്സര വേദികളിൽ സേവന രംഗത്ത് ഉള്ളത്. സ്കൂളിലെത്തുന്ന എസ്.പി.സി കേഡറ്റുകളെ 20 അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കും. തുടർന്ന് കലോത്സവത്തിനായി രൂപീകരിച്ച ഓരോ കമ്മിറ്റികളിലേക്കും 20 എസ്.പി.സി കേഡറ്റുകളെ വീതം നിയോഗിച്ച് അവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഇതിന് പുറമേ എല്ലാ സ്റ്റേജുകളിലും മൂന്നോളം കേഡറ്റുകളും സദാ സമയവുമുണ്ടാകും. രാവിലെ 8.30 മുതൽ ഒന്ന് വരെയും ഒരു മണി മുതൽ വരെ അഞ്ച് വരെയും ഇവരുടെ സേവനം ലഭ്യമാണ്. കലോത്സവം അവസാനിക്കും വരെ ആൾക്കുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സേന മുഴുവൻ സമയവും യൂണിഫോമണിഞ്ഞ് കർമ്മ രംഗത്ത് തുടരും.