കട്ടപ്പന : സാമൂഹ്യവിരുദ്ധർ അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ ആനവിലാസം കട്ടപ്പന റോഡിൽ കടമാക്കുഴി രത്തിനപാറയിൽ മത്സ്യകോഴി മാലിന്യം തള്ളി. മാലിന്യം കടകളിൽനിന്ന് ശേഖരിച്ച് സംസ്‌കരിക്കുന്ന സംഘമാണ് ഇത്തരത്തിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുള്ളതെന്ന് സംശയിക്കുന്നുവെന്നും നഗര സഭയിൽ ഇക്കാര്യം ധരിപ്പിച്ചിട്ടും വൈകിയുള്ള നടപടികളാണ് ഉണ്ടാകുന്നതെന്നും കൗൺസിലർ തങ്കച്ചൻ പുരിയിടം വ്യക്തമാക്കി.

മാലിന്യം കെട്ടിക്കിടക്കുന്നതോടെ വലിയ തോതിലാണ് മേഖലയിൽ ദുർഗന്ധം വമിച്ചിരിക്കുന്നത്.ഇതുവഴി യാത്ര ചെയ്യുന്നവർക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കൂടാതെ തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്കാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് .
മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് നിന്നും കിലോമീറ്ററുകൾ അകലെ വരെ ദുർഗന്ധം വമിച്ചതോടെയാണ് പ്രാദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. മാലിന്യം നീക്കുന്നതിനും നിക്ഷേപിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനും നഗര സഭയുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി ഉണ്ടാകണം എന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഉൾമേഖലകൾ കേന്ദ്രീകരിച്ച് കട്ടപ്പനയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അറവ് മാലിന്യം തള്ളുന്നത് പതിവാവുകയാണ്. ഇത്തരക്കാരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുകയാണ്.