തൊടുപുഴ: വണ്ണപ്പുറം ,​കവളങ്ങാട്,​ പൈങ്ങോട്ടൂർ എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്തി. വനംവകുപ്പിന്റെയും,​ പഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് ഉൾവനത്തിലേക്ക് തുരത്തുന്നത്. അതിന്റെ ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചു. നേര്യമംഗലം ഉൾവനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ഫെൻസിങ് കണ്ട് ഭയന്ന് ആനകൾ ചുള്ളിക്കണ്ടം വനത്തിലേക്ക് കയറിപോവുകയും ചെയ്തു. നാളെയും ദൗത്യം തുടരുമെന്നാണ് വനപാലകർ പറയുന്നത്.മുള്ളരിങ്ങാട് ,​ ചാത്തമറ്റം,​പൈങ്ങോട്ടൂർ,​ തേൻകാട്,​ തലകോട് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും ദൗത്യത്തിൽ പങ്കാളികളായി. ചുള്ളിക്കണ്ടം,​ പാച്ചേറ്റി,​ അള്ളുങ്കൽ,​ തേൻകാട്,​ ചാത്തമറ്റം,​ കടവൂർ,​ പുന്നമറ്റം മേഖലകളിലെ ജനങ്ങൾ കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങളെ മുൻനിർത്തിയാണ് കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയത്. മൂവാറ്റുപുഴ മാത്യു കുഴൽനാടൻ,എം.എൽ.എ ​ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, കോതമംഗലം ഡി.എഫ്.ഒ പി.യു. സാജു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ, മുള്ളരിങ്ങാട് റേഞ്ച് ഓഫീസർ ടോമിൻ ജെ. അരഞ്ഞാലി, നേര്യമംഗലം റേഞ്ച് ഓഫീസറും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സ്, വിവിധ സ്റ്റേഷനിലെ പൊലീസ് ഓഫീസർമാർ,മെഡിക്കൽ ടീം, ആംബുലൻസ് എന്നിവരും ഉണ്ടായിരുന്നു.