പേരാവൂർ: പണിതിട്ടും പണിതിട്ടും പണിതീരാതെ പാലയാട്ടുകരി - വായന്നൂർ റോഡ്. പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലയാട്ട് കരി-വായന്നൂർ റോഡ് പുനർ നിർമ്മാണമാണ് വർഷങ്ങളായിട്ടും നീളുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോളയാട് പഞ്ചായത്തിലെ ഏക റോഡാണിത്. പാലയാട്ട്കരി മുതൽ വായന്നൂർ വരെ ചെറുവാഹനങ്ങൾക്കു പോലും കടന്നുപോകാൻ പറ്റാത്ത രീതിയിലാണ് ഇന്ന് റോഡിന്റെ അവസ്ഥ.
റോഡ് പുനർനിർമ്മാണം വൈകിയാൽ അനിശ്ചിതകാല റോഡ് ഉപരോധമടക്കമുള്ള സമരത്തിന് നേതൃത്വം നല്കാനാണ് നാട്ടുകാരുടെ തീരുമാനം.
പത്ത് മീറ്ററിൽ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ഉൾപ്പെടെ നടത്താനായിരുന്നു എസ്റ്റിമേറ്റ്. ആദ്യഘട്ടത്തിൽ പാലയാട്ട് കരി മുതൽ വായന്നൂർ വായന്നുർ വരെ കല്ലു നിരത്തുകയും പിന്നീട് പള്ളിപ്പാലം മുതൽ വായന്നൂർ വരെ കല്ലു നിരത്തി ഒന്നാം ഘട്ട മെക്കാഡം ടാറിംഗും ചെയ്തു. പിന്നീട് മഴ പെയ്തതോടെ പ്രവൃത്തി നിർത്തുകയും ചെയ്തു.
ആദ്യഘട്ടത്തിൽ കല്ലു നിരത്തിയ പാലയാട്ടുകരി മുതൽ വായന്നൂർ വരെയുള്ളവരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്.
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ല് തെറിച്ച് അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്.
കല്ല് ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും ഉൾപ്പെടെ ഉള്ള വാഹന യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. മഴ മാറിയതോടെ പൊടിശല്യവും രൂക്ഷമായിരിക്കുകയാണ്.
ഇതേ തുടർന്ന് വലിയ വാഹനങ്ങൾ ഇതുവഴി സർവ്വീസ് നടത്തുന്നത് നാട്ടുകാർ തടഞ്ഞു. റോഡ് പ്രവൃത്തി ഇനിയും
വൈകുകയാണെങ്കിൽ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാരും പ്രദേശത്തെ വാഹന ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർ.