ayyankunnu

സെക്രട്ടറിയുടെ കസേരയിൽ പാവയെ വച്ച് ഭരണസമിതി പ്രതിഷേധം

ഇരിട്ടി : സെക്രട്ടറിയുടേതടക്കം എട്ട് ജീവനക്കാരുടെ അഭാവം ദൈനംദിന പ്രവർത്തനത്തെ പോലും അവതാളത്തിലാക്കുന്നുവെന്നാരോപിച്ച് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഭരണസമിതി പ്രതിഷേധം. ഒഴിവുള്ള ജീവനക്കാരുടെ കസേരയിൽ പാവയെ ഇരുത്തിയായിരുന്നു പ്രതിഷേധം. പഞ്ചായത്ത് അസി.സെക്രട്ടറിയെ ഒഴിവാക്കി പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് ചുമതല നൽകിയതിലുള്ള പ്രതിഷേധവും യു.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണസമിതി രേഖപ്പെടുത്തി.

അയ്യൻകുന്ന് പഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തെ മെഡിക്കൽ ലീവിലാണ്. പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് അധിക ചുമതല നൽകിയത് അയ്യൻകുന്ന് പഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നാണ് ഭരണസമിതിയുടെ ആരോപണം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മനപ്പൂർവ്വം പ്രതിസന്ധി സൃഷ്ടിക്കലാണ് ഇതിന് പിന്നിലെന്നും ഭരണസമിതി ആരോപിക്കുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികന്നേലാണ് സമരം ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങളായ, സജി മച്ചിത്താന്നി , ജോസ് എ വൺ, ജോസഫ് വട്ടുകുളം, ലിസി തോമാസ് , മിനി വിശ്വനാഥൻ, എൽസമ്മ ജോസഫ്, ഫിലോമിന മാണി, സെലീന ബിനോയി എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫിന്റെ മൂന്ന് അംഗങ്ങൾ പ്രതിഷേധ സമരത്തിൽ നിന്നും വിട്ടു നിന്നു.

1.സെക്രട്ടറി മെഡിക്കൽ ലീവിൽ

2. ഒഴിവ് 8

ലൈഫ് വായ്പകളെയും ബാധിച്ചു

ജീവനക്കാർ ഇല്ലാത്തതുകൊണ്ട് ലൈഫ് ഭവന പദ്ധതിയുടെ ഗഡുക്കൾ പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചേൻ പൈമ്പള്ളികന്നേൽ കുറ്റപ്പെടുത്തി . പഞ്ചായത്തിൽ നികുതി പിരിവ് മുതൽ കെട്ടിട ലൈസൻസ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിലച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അയ്യങ്കുന്ന് പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണം. തങ്ങളുടെ പ്രതിഷേധം ഇനിയും കണക്കിലെടുക്കാതെ വന്നാൽ സമരം ജില്ലാ ആസ്ഥാനത്തേക്ക് കൂടി വ്യാപിക്കും-കുര്യാച്ചേൻ പൈമ്പള്ളികന്നേൽ (പ്രസിഡന്റ് )

.