congress
എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ.കെ. വിജയനെ പദവിയിൽ നിന്നും മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് വാഹനം തടയുന്ന പ്രവർത്തകർ.

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാകളക്ടർ അരുൺ കെ.വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ട് ഡി.സി സിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാനും മറിച്ചിടാനും പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ഷമ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, ടി.സി. പ്രിയ തുടങ്ങി സ്ത്രീകളടക്കമുള്ള പ്രവർത്തകർ മതിലും പൊലീസ് ബാരിക്കേഡും മറികടന്ന് കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടക്കാനും ശ്രമിച്ചു. ചില പ്രവർത്തകർ കൊടി കെട്ടിയ വടി കൊണ്ട് പൊലീസിനെ അടിക്കുകയും ചെയ്തു. ബാരിക്കേഡിനു മുകളിൽ നിന്നും താഴെയിറങ്ങാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ പ്രവർത്തകർ കണ്ണൂർ ടൗൺ എസ്.ഐയ്ക്കെതിരേയും തിരിഞ്ഞു. ഇതെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഷമ മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ജലപിരങ്കിക്കു മുന്നിൽ മുദ്രാവാക്യവുമായി പ്രതിഷേധിച്ചു.

പ്രതിഷേധം കനത്തതോടെ പ്രവർത്തകരിൽ ചിലരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ബസിലേക്ക് കയറ്റി. ഈ വാഹനം തടഞ്ഞതോടെ പൊലീസ് കൂടുതൽ പേരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. ഷമ മുഹമ്മദ് അടക്കമുള്ളവർ പോലീസ് കസ്റ്റഡിയിലായി.കെ.പി.സി സി അദ്ധ്യക്ഷൻ കെ.സുധാകരനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ഡി.സി.സി പ്രസിഡന്റ മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ടി.ഒ. മോഹനൻ, സജീവ് മാറോളി തുടങ്ങിയ നേതാക്കളും സമരത്തിൽ പങ്കെടുത്തിരുന്നു.