
കണ്ണൂർ: വാഹനങ്ങളിൽ സൺ ഫിലിമുകൾ ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് കാർ യാത്രികർ ആഘോഷമാക്കുന്നു. ആക്സസറീസ് ഷോപ്പുകളിൽ കൂളിംഗ് ഫിലിമിനായി എത്തുന്നവരുടെ തിരക്കാണിപ്പോൾ. സൺ ഫിലിമുകൾ ഉപയോഗിച്ചതിന് വാഹനങ്ങൾക്ക് അനാവശ്യമായി പിഴ ചുമത്തരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന് (എം.വി.ഡി) കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ആക്സസറീസ് കടകളിൽ തിരക്ക് തുടങ്ങിയത്.
ഈ രംഗത്തെ തൊഴിൽ സംരംഭകർക്കും തൊഴിലാളികൾക്കും ഹൈക്കോടതി വിധി അനുഗ്രഹമായിട്ടുണ്ട്. ഒരു തൊഴിലാളി അഞ്ച് മുതൽ ആറ് വരെ കാറുകളിലാണ് സൺ ഫിലിം പതിപ്പിക്കുന്നത്. പ്രത്യേക വൈദഗ്ദ്ധ്യം വേണ്ടതിനാൽ ഈ തൊഴിൽ പഠിച്ചെടുത്തവർക്ക് നല്ല ഡിമാൻഡാണിപ്പോൾ. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൂടുതൽ കറുത്ത ഫിലിം ഒട്ടിച്ചാൽ വീണ്ടും നിയന്ത്രണം വരാനിടയുണ്ടെന്നതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.
സൺ ഫിലിമുകൾ വ്യത്യസ്ത ഗുണ നിലവാരത്തിലുളളവ വിപണിയിലുണ്ട്. ശരിയായ ഗുണനിലവാരമുളള ഫിലിമുകൾ വാഹനങ്ങളിൽ തിരഞ്ഞെടുക്കണമെന്നാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നത്.
വാഹനങ്ങളിൽ കറു ത്ത ഫിലിം ഒട്ടിക്കുന്നത് നിരോധിച്ച് 2012ലാണ് സുപ്രീം കോടതി വിധി വന്നത് . 2021 ഏപ്രിൽ ഒന്നിന് കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമഭേദഗതി പ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായ ഫിലിമുകൾ ഒട്ടിക്കാമെന്ന് വ്യക്തമാക്കി. ഇതാണ് ഇപ്പോൾ വീണ്ടും പരിഷ്‌കരിച്ച് കൂളിംഗ് ഫിലിമുകൾ പതിക്കാൻ അനുവദിച്ചത്.
1500 മുതൽ 13,000 വരെയാണ് നിലവിൽ ഫിലിം ഒട്ടിക്കുന്നതിന്റെ നിരക്ക്. ഹീറ്റ് റിജക്ഷൻ,വിസിബിൾ ലൈറ്റ് ട്രാൻസ്മിഷൻ, യുവി റേയ്സ് റിജക്ഷൻ എന്നിങ്ങനെയുള്ള ഫിലിമുകളാണ് നിലവിൽ വിപണിയിലുള്ളത്.
അല്ല, ആഡംബരമല്ല
കനത്ത ചൂടുളള കാലാവസ്ഥയിൽ സൺ കൺട്രോൾ ഫിലിമുകൾ അവശ്യവസ്തുവാണ്. രാത്രിയിലാകട്ടെ എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ഹൈബീം ലൈറ്റുകളിൽ നിന്ന് രക്ഷ നേടാനും ഡ്രൈവർമാരെ ഇത് സഹായിക്കും.കാറുകളിൽ സൺ കൺട്രോൾ ഫിലിം സ്ഥാപിക്കാൻ ഒരുങ്ങിയതിന് കടയുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ എം.വി.ഡി ശ്രമിച്ചതിനെ തുടർന്നാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. എം.വി.ഡിയുടെ നടപടിയെ ചോദ്യം ചെയ്ത് ഒരു സൺ കൺട്രോൾ ഫിലിം നിർമ്മാണ കമ്പനിയും ഒരു വാഹനയുടമയും കേസിൽ കക്ഷി ചേരുകയായിരുന്നു.
അലർജി ചെറുക്കാനും ഇത്തരം ഫിലിമുകൾ സഹായിക്കുമെന്നാണ് വാഹന ഉടമകൾ പറയുന്നത്.മഴ മാറിയതോടെ വൻ ചൂടാണ് പകൽ അനുഭവപ്പെടുന്നത്. വാഹനങ്ങളിൽ എ സി ഇട്ടാലും തണുക്കാൻ സമയമെടുക്കും. എസി ഇല്ലാത്ത വാഹനങ്ങളിലും കൂളിംഗ് ഫിലിം ഒട്ടിക്കുന്നതോടെ അൽപം ആശ്വാസമാകും. എസി ഉപയോഗം കുറയ്ക്കാനും ഇന്ധനക്ഷമത കൂട്ടാനും ഇതു വഴിയൊരുക്കും.
വെറുതെയല്ല, സുതാര്യത വേണം
കേന്ദ്ര മോട്ടോർ വെഹിക്കിൾ റൂളുകളിലെ നിയന്ത്രണം പാലിക്കണം
വാഹനങ്ങളുടെ മുന്നിലും പിന്നിലും ഉള്ള ഗ്ലാസുകളിൽ 70 ശതമാനം സുതാര്യത
വശങ്ങളിലെ ഗ്ലാസുകളിൽ 50 ശതമാനം സുതാര്യത