kunhikkannan

ചെറുവത്തൂർ: ചെറുവത്തൂരിലെ പഴയതലമുറയ്ക്ക് മറക്കാനാകാത്ത പേരായിരുന്നു സംഗീതവിദ്വാനായ തോട്ടുമ്പുറത്ത് കണ്ണൻ.ഹാർമോണിയത്തിൽ വിരലോടിച്ച് മകൻ കുഞ്ഞിക്കണ്ണനുമൊത്ത് പാടുന്ന അദ്ദേഹത്തിന്റെ ചിത്രം ഇന്നും ഇവിടുത്തെ പഴയതലമുറയുടെ മനസിലുണ്ട്. അഭിനയവും പിതാവ് വഴിയാണ് കുഞ്ഞിക്കണ്ണന് പകർന്നുകിട്ടിയത്.

അച്ഛനായിരുന്നു കുഞ്ഞിക്കണ്ണന്റെ സംഗീതഗുരു. സരളി വരിശകളും ജണ്ട വരിശകളും പിതാവ് മകന് പകർന്നു കൊടുത്തു. ഗീതങ്ങളും വർണ്ണങ്ങളും കീർത്തനങ്ങളും അച്ഛനിൽ നിന്ന് ടി.പി.കുഞ്ഞിക്കണ്ണൻ പാടിപഠിച്ചു. അച്ഛനിൽ നിന്നും സംഗീതം പഠിക്കാനെത്തിയവർ കൂട്ടുകാരായി .ചെറുവത്തൂർ സ്വരാജ് കലാസമിതിയിലൂടെയായിരുന്നു കു‍ഞ്ഞിക്കണ്ണന്റെ വളർച്ച. പഠിച്ച വിദ്യാലയങ്ങളിലും കോളേജുകളിലുമെല്ലാം പാട്ടിലും നാടകങ്ങളിലും കുഞ്ഞിക്കണ്ണൻ സമ്മാനങ്ങൾ വാരിക്കൂട്ടി. കൊവ്വൽ എ.യു.പി സ്‌കൂളിൽ ഏഴാം ക്ലാസുകാരനായിരിക്കെ വാർഷികോത്സവത്തിന് അവതരിപ്പിച്ച "എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു" എന്ന നാടകത്തിൽ പാടിയഭിനയിച്ചായിരുന്നു അരങ്ങേറ്റം.

1969ൽ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് പി.ഡബ്ല്യു.ഡി എഞ്ചിനീയറിംഗ് വിഭാഗത്തിലുമെത്തി. ജോലിതിരക്കിനിടയിലും സർഗാത്മക കഴിവുകൾ മാറ്റി വെക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. നാടകാഭിനയവും സംവിധാനവുമായി കലാലോകത്ത് സജീവമായി തുടന്നു.1976 ൽ നീലേശ്വരത്ത്, കേരള സംഗീത നാടക അക്കാഡമി നാടക പഠനക്യാമ്പിൽ പങ്കെടുത്തത് തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണെന്നായിരുന്നു കുഞ്ഞിക്കണ്ണൻ അവസാനകാലം വരെ പറഞ്ഞത്.