കണ്ണൂർ: സർക്കാർ പദ്ധതിയായ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി ഇഴയുന്നു. പദ്ധതി ആരംഭിച്ചിട്ട് രണ്ട് വർഷം പൂർത്തിയാകാനിരിക്കെ നിലവിൽ ജില്ലയിലെവിടെയും പദ്ധതി പൂർത്തിയായിട്ടില്ല. സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഒരു കളിക്കളം വീതം ഉറപ്പാക്കുകയെന്നതായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ 124 നിയമസഭാമണ്ഡലങ്ങളിൽ കളിക്കളങ്ങൾ തിരഞ്ഞെടുത്തിരുന്നു.
കണ്ണൂരിൽ പത്ത് കളിക്കളങ്ങൾ നിർമ്മിക്കാനായിരുന്നു തീരുമാനം. തിരുവനന്തപുരം 12, കൊല്ലം 10, പത്തനംതിട്ട അഞ്ച്, ആലപ്പുഴ എട്ട്, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം 10, തൃശ്ശൂർ 12, പാലക്കാട് 11, മലപ്പുറം 16, കോഴിക്കോട് 12, വയനാട് മൂന്ന്, കാസർകോട് അഞ്ച് എന്നിങ്ങനെയായിരുന്നു മറ്റു ജില്ലകളിൽ. എന്നാൽ നിലവിൽ ആകെ 44 എണ്ണത്തിനുമാത്രമാണ് ഭരണാനുമതി ലഭിച്ചത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പദ്ധതിയെയും ബാധിച്ചത്. നിലവിൽ നിശ്ചയിച്ച സൗകര്യങ്ങൾ പ്രകാരം ഒരു കളിക്കളത്തിന് ഒരുകോടി രൂപ വേണം. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എൽ.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആർ, പൊതു സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്താനുമായിരുന്നു പദ്ധതി. അതേസമയം സ്ഥലം ലഭ്യമാക്കുന്നതിൽ പല തദ്ദേശസ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കളിക്കളമൊന്നിന് ഒരേക്കർ സ്ഥലമെങ്കിലും വേണമെന്നാണ് നിർദ്ദേശം. എന്നാൽ സ്ഥലപരിമിതിയുള്ള പഞ്ചായത്തുകളിൽ അതിനനുസരിച്ച കളിക്കളവും മറ്റ് സൗകര്യങ്ങളും ഒരുക്കാം. തിരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷത്തിനുള്ളിൽ കളിക്കളം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പലയിടത്തും കളിസ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ പോലും തദ്ദേശസ്ഥാപനങ്ങൾ നിർവഹിച്ചിട്ടില്ല. കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്.
കളിയുണരും ഗ്രാമങ്ങൾ
മിഴിവേറും മൈതാനങ്ങൾ
കളിയുണരും ഗ്രാമങ്ങൾ, മിഴിവേറും മൈതാനങ്ങൾ എന്ന സ്ലോഗനിൽ ഒരു പഞ്ചായത്തിൽ ഏത് കായികയിനത്തിനുള്ള സൗകര്യമാണ് ആവശ്യമെന്ന് കണ്ടെത്തി അതിന് പ്രാധാന്യം നൽകുകയായിരന്നു പദ്ധതി. ഇതിനൊപ്പം നടപ്പാത, ഓപ്പൺ ജിം, ടോയ്ലറ്റ്, ലൈറ്റിംഗ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുക. കായിക വകുപ്പിന് കീഴിലെ സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല.
കളിക്കളങ്ങൾ ഇല്ലാത്ത
തദ്ദേശസ്ഥാപനങ്ങൾ 450
സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിൽ ആദ്യഘട്ടത്തിൽ 124 കളിക്കളങ്ങൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ നിഷ്‌കർഷിച്ച ഫണ്ട് വിഹിതം ലഭ്യമായതാകട്ടെ 44 കളിക്കളങ്ങൾക്കാണ്. എന്നാൽ 17 പ്രവൃത്തികൾക്ക് മാത്രമാണ് ഇതുവരെ വർക്ക് ഓർഡർ നൽകിയത്. മൂന്നുവർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന പറഞ്ഞ പദ്ധതി ഒന്നരവർഷം കഴിഞ്ഞിട്ടും കാൽഭാഗം പോലും പൂർത്തിയാക്കാൻ സാധിക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്.