കാഞ്ഞങ്ങാട്‌: ജില്ലയിലെ ആദ്യ സി.പി.എം ഏരിയാ സമ്മേളനത്തിന്‌ ആവേശകരമായ തുടക്കം. പുല്ലൂരിൽ പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന അംഗം എ.കൃഷ്‌ണൻ പതാക ഉയർത്തി .ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ കമ്മിറ്റിയംഗം എം.പൊക്ലൻ താൽക്കാലിക അദ്ധ്യക്ഷനായി. ശിവജി വെള്ളിക്കോത്ത്‌ രക്‌തസാക്ഷി പ്രമേയവും കാറ്റാടി കുമാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.കെ.നിഷാന്ത്‌, കെ.സബീഷ്‌, ഫൗസിയ ഷെരീഫ്‌, അലൻ ജോർജ്‌ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. ഏരിയാ സെക്രട്ടറി അഡ്വ. കെ.രാജ്‌മോഹൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിന്മേൽ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി.സതീഷ്ചന്ദ്രൻ, സി.എച്ച്‌.കുഞ്ഞമ്പു എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.കെ.രാജൻ, വി.വി.രമേശൻ,​ സാബു എബ്രഹാം, സി.പ്രഭാകരൻ,​ ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.അപ്പുക്കുട്ടൻ എന്നിവർ പങ്കെടുക്കുന്നു. കൺവീനർ ടി.വി.കരിയൻ സ്വാഗതം പറഞ്ഞു. 143 പ്രതിനിധികളാണ്‌ ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. തിങ്കളാഴ്‌ച രാവിലെ സംഘടനാ റിപ്പോർട്ട്‌ –- പ്രവർത്തനറിപ്പോർട്ട്‌ എന്നിവക്കുള്ള മറുപടിയും പുതിയ ഏരിയാ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. വൈകിട്ട്‌ വളണ്ടിയർ മാർച്ചോടെ പ്രകടനവും പുല്ലൂർ തട്ടുമ്മലിൽ പൊതുസമ്മേളനവും നടക്കും.