പിലിക്കോട്: ഇന്നു മുതൽ ഏഴ് വരെ കാലിക്കടവ് കേന്ദ്രീകരിച്ച് നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തുക. ഇതിന്റെ ഭാഗമായി കലോത്സവ നഗരിയിൽ ഓലക്കൊട്ടകൾ സ്ഥാപിക്കും. പിലിക്കോട് പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളുടെ സഹകരണത്തോടെ അമ്പതോളം ഓലക്കൊട്ടകൾ ഇതിനായി ഒരുക്കി.

ഓലക്കൊട്ടകൾ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ,പി.കെ. മുരളീകൃഷ്ണൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ, പ്രസീത കുമാരി , കുമാരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ആറ് പഞ്ചായത്തുകളിലെ 78 വിദ്യാലയങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ജനറൽ വിഭാഗത്തിൽ 215 ഇനങ്ങളിലും സംസ്‌കൃതോത്സവത്തിൽ 37 ഇനങ്ങളിലും അറബിക് കലോത്സവത്തിൽ 41 ഇനങ്ങളിലും മൽസരം നടക്കും. കാലിക്കടവ് പഞ്ചായത്ത് മൈതാനം, കരക്കക്കാവ് അങ്കണം, ചന്തേര ഹയാത്തുൽ ഇസ്ലാം മദ്രസാ അങ്കണം, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.സ്‌കൂൾ, ചന്തേര ഗവ: യു.പി.സ്‌കൂൾ, ചെമ്പിലോട്ട് ക്ഷേത്ര ഹാൾ, കരക്കേരു ഫ്രണ്ട്സ് ക്ലബ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. കരക്കക്കാവ് ഓഡിറ്റോറിയത്തിൽ ഭക്ഷണമൊരുക്കും. കലോത്സവം വൈകുന്നേരം 4 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെറുവത്തൂർ ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം, പിലിക്കോട് പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെയാണ് കലോത്സവം നടത്തുന്നത്.