1
പൈനിക്കര റിസർവ് വനത്തിനുള്ളിൽ സ്കൂട്ടറിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യം നിറച്ച ചാക്കുകൾ വനപാലകർ പരിശോധിക്കുന്നു

പാണത്തൂർ: കാട്ടിനുള്ളിൽ അനധികൃതമായി കടന്ന് സ്കൂട്ടറിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യ ചാക്കുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സ്കൂട്ടറിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ ചുള്ളിക്കരയിലെ സാബു ജോർജിനെതിരെ കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസർ കേസെടുത്തു.

കാട്ടിനുള്ളിൽ അതിക്രമിച്ചു കയറിയതിനും വനവിഭവങ്ങൾ അസ്വാഭാവികമായി നശിപ്പിച്ചതിനുമാണ് കേസെടുത്തത്. വനം വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കള്ളാർ ഗ്രാമ പഞ്ചായത്ത് അധികൃതർ ഇയാൾക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്. ചുള്ളിക്കര കൊട്ടോടി റോഡിൽ പൈനിക്കര റിസർവ് വനത്തിനുള്ളിൽ സ്കൂട്ടറിൽ കൊണ്ടുവന്നാണ് മാലിന്യം നിറച്ച ചാക്കുകൾ തള്ളിയത്. പനത്തടി ഫോറസ്റ്റ് ഓഫീസർ സേസപ്പയുടെ നേതൃത്വത്തിൽ ചാക്കുകൾ പൊളിച്ചു പരിശോധിച്ചപ്പോൾ സ്കൂട്ടറിന്റെ പുകപരിശോധന റിപ്പോർട്ടും ഫോൺ നമ്പറും കിട്ടിയതിനെ തുടർന്നാണ് മാലിന്യം തള്ളിയ ആളിനെ തിരിച്ചറിഞ്ഞത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കാട്ടിനുള്ളിൽ മാലിന്യം തള്ളിയാൽ പിടികൂടി കെസെടുക്കുന്നത് തുടരുമെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.