കാസർകോട്: കാസർകോട് സ്റ്റേഷൻ പരിധിയിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി അറസ്റ്റിലായ രണ്ട് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. മധൂർ ഹിദായത്ത് നഗർ ജെ.പി നഗറിലെ എം. നൗഷാദ്, അബ്ദുൾ റഹ്മാൻ എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ത്രേട്ട് കോടതി റിമാൻഡ് ചെയ്തത്. പാറക്കട്ട എ .ആർ ക്യാമ്പിന് സമീപം ചെട്ടുംകുഴി മീപ്പുഗുരി റോഡ് പരിസരത്ത് കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 25 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

കാസർകോട് ഡിവൈ.എസ്.പി സി.കെ സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം ടൗൺ ഇൻസ്‌പെക്ടർ നളിനാക്ഷന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസ്.ഐ അഖിൽ, സിനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൽ, വിമൽ, വേണു, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, നിജിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.