blast

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ മരിച്ച നാലുപേരും നിർദ്ധന കുടുംബങ്ങളുടെ അത്താണികൾ. കൂലിപ്പണിയെടുത്തും ഓട്ടോ ഓടിച്ചും കുടുംബം പോറ്റുന്ന ഇവരുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചിലവുകൾ വഹിക്കുമെന്നാണ് കഴിഞ്ഞ ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അതിനുള്ള നടപടിക്രമങ്ങൾ നടത്തികൊണ്ടിരിക്കെയാണ് നാല് യുവാക്കൾ മരിക്കുന്നത്.

ആശുപത്രികളിൽ കഴിയുന്ന ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർ കൂടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. 94 പേരാണ് വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

സർക്കാർ സംവിധാനം തിരഞ്ഞെടുപ്പ് ചൂടിൽ

തിരിഞ്ഞുനോക്കാതെ ക്ഷേത്രം അധികൃതർ

അത്താണികളെ നഷ്ടപ്പെട്ട ഈ കുടുംബങ്ങളെ ഇനി ആര് സംരക്ഷിക്കും എന്ന ചോദ്യം അവശേഷിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരിലും ജോലി ചെയ്ത് കുടുംബം പോറ്റുന്നവരാണ് കൂടുതലും.സർക്കാർ അനുവദിക്കുന്ന ചികിത്സ ചിലവ് മാത്രം കൊണ്ട് ഇവരുടെ കണ്ണീരൊപ്പാൻ കഴിയില്ലെന്ന് വ്യക്തമാണ്. ചികിത്സ ചിലവ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും കോഴിക്കോടും മംഗളുരു ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവർ ആശുപത്രി ബില്ല് അടക്കാൻ കാശില്ലാതെ നട്ടംതിരിയുകയാണ്. മന്ത്രിമാരും എം.എൽ.എമാരും സർക്കാർ മെഷിനറി മുഴുവനും ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധയിലായിലാണ്. അമ്പലവുമായി ബന്ധപ്പെട്ടവരാകട്ടെ ആശുപത്രിയിൽ കഴിയുന്നവരെ തിരിഞ്ഞു നോക്കുന്നില്ല.

ഓട്ടോ ഓടിച്ച് ജീവിതം പുലർത്തിയ സന്ദീപും ബിജുവും

ചുമടെടുത്ത് വീട് പുലർത്തിയ രതീഷ്

സന്ദീപും ബിജുവും ഓട്ടോ ഓടിച്ചായിരുന്നു വീടിന്റെ അടുക്കള പുകച്ചിരുന്നത്. എഫ്. സി. ഐ ഡിപ്പോയിൽ ചാക്ക് ചുമന്നാണ് രതീഷ് കുടുംബം നോക്കുന്നത്. അച്ഛൻ വാർപ്പിന്റെ പണിയെടുത്തും അമ്മ തൊഴിലുറപ്പിന് പോയുമാണ് തുരുത്തി ഓർക്കുളത്തെ ഷിബിൻ രാജിന്റെ കുടുംബം പോറ്റുന്നത്. പഠനചിലവ് കണ്ടെത്താൻ ഷിബിൻ രാജ് ചെന്നൈയിൽ ജോലിക്കും പോകുമായിരുന്നു. വള്ളംകളി കാണാൻ നാട്ടിൽ എത്തിയ ഷിബിൻ രാജ് വെടിക്കെട്ട് കാണാൻ സുഹൃത്തുക്കളുടെ കൂടെ എത്തിയാണ് അപകടത്തിനിരയായത്.

അപകടത്തിൽ മരിച്ചവർ

ചോയ്യങ്കോട് കിണാവൂരിലെ ഓട്ടോ ഡ്രൈവർ സി.സന്ദീപ് (38)

എഫ്.സി.ഐ ഡിപ്പോയിലെ ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു.രതീഷ് (40)

കൊല്ലംപാറ മഞ്ഞളംകാടിലെ ഓട്ടോ ഡ്രൈവർ കെ. ബിജു (37)

ചെന്നൈയിലെ വിദ്യാർത്ഥി തുരുത്തി ഓർക്കുളത്തെ ഷിബിൻരാജ് (19)

ജാമ്യത്തിലിറങ്ങിയവർ നാളേക്കകം ഹാജരാകണം

വെടിപൊട്ടിച്ച രണ്ടുപേർ ജയിലിൽ തന്നെ

വെടിക്കെട്ട് അപകടത്തിൽ ഹൊസ്ദുർഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഭരതൻ, സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ ഈ മാസം ആറിനുള്ളിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണം. ഇതിനായി പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം ഒരു ലക്ഷം രൂപയും രണ്ടു ആൾജാമ്യവും വേണമെന്ന ഹൊസ്ദുർഗ് കോടതിയുടെ നിബന്ധന പാലിക്കാൻ കഴിയാത്തതിനാൽ വെടിപൊട്ടിക്കാൻ നേതൃത്വം നൽകിയ പള്ളിക്കര രാജേഷിന് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ആരും ജാമ്യത്തിൽ എടുക്കാൻ പോകാതിരുന്നതിനാൽ രാജേഷ് ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്. രണ്ടാമത് പൊലീസ് അറസ്റ്റ് ചെയ്ത വിജയനും ജയിലിൽ കഴിയുന്നുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജില്ലാ സെഷൻസ് കോടതി ഈ കേസിലെ മറ്റു പ്രതികൾക്ക് ആർക്കും കീഴ്‌ക്കോടതി ജാമ്യം നൽകരുതെന്നും ഉത്തരവിട്ടിരുന്നു. കേസിൽ മറ്റു പ്രതികളെയൊന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.