police

തളിപ്പറമ്പ്: അധികൃതർ കണ്ണുതുറന്നു കാണേണ്ട കാഴ്ചയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള ക്വാർട്ടേഴ്സുകൾ. ഒറ്റ നോട്ടത്തിൽ ഭാർഗവിനിലയത്തിന് തുല്യമായ കെട്ടിടങ്ങളിൽ ഒന്ന് പൂർണമായും ഉപേക്ഷിക്കപ്പെട്ടതാണ്.രണ്ടാമത്തേതിൽ ചോർച്ചയുടെയും പരിമിതികളുടെയും നടുവിൽ ആറ് കുടുംബങ്ങൾ താമസിക്കുന്നു. മഴ വന്നാൽ നനഞ്ഞൊലിക്കുന്ന കെട്ടിടത്തിൽ കഴിയുന്നവർ സ്വന്തം നിലയിൽ കുടിവെള്ളം വില കൊടുത്ത് എത്തിക്കുകയും വേണം.

സാധാരണ നിലയിൽ താമസസൗകര്യം ഡിപ്പാർട്ട് മെന്റ് തന്നെ നൽകേണ്ടതാണ്. പക്ഷെ തളിപ്പറമ്പിലെ രണ്ട് പൊലീസ് ക്വാർട്ടേഴ്സുകളും ചോർന്നൊലിച്ചും കുടിവെള്ളം പോലും കിട്ടാതെയും ഏറെക്കുറെ ഉപയോഗശൂന്യമാണ്. ഇരു ബിൽഡിംഗുകളിലായി 28 ക്വാർട്ടേഴ്സ് മുറികളാണ് ഉള്ളത്. ഇതിൽ ഇരുപത് ക്വാർട്ടേഴ്സുകളുള്ള നാലുനില കെട്ടിടം ചോർച്ചയെ തുടർന്ന് പണ്ടേ ഉപയോഗശൂന്യമായി. ഇതിന്റെ താഴെ ഭാഗത്ത് പൊലീസ് മെസ് പ്രവർത്തിക്കുന്നു. ഉപയോഗശൂന്യമായതിനെ തുർന്ന് 2002ൽ പൊലീസ് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി പണിത ഇരുനില കെട്ടിടത്തിൽ എട്ട് കുടുംബങ്ങൾക്ക് താമസിക്കാനുളള സൗകര്യമാണുള്ളത്. ഇവിടെ ആറു കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നുണ്ട്.

പണം കൊടുക്കണം,​ നനഞ്ഞ് കഴിയണം

രണ്ടാമത് പണിത ക്വാർട്ടേഴ്സ് മൂന്നാംവർഷം ചോർന്നു തുടങ്ങി. നാലായിരം മുതൽ അയ്യായിരം വരെയാണ് ക്വാർട്ടേഴ്സ് വാടക ഇനത്തിൽ ഈടാക്കുന്നത് . ചോർച്ച മൂലം വിശ്രമത്തിനായി മാത്രം ഉപയോഗിക്കുന്നു സ്റ്റേഷന്റെ പിറകിലായാണ് ഇരു കെട്ടിടങ്ങളുംനിർമ്മാണത്തിലെ അപാകതയാണ് കാരണമെന്ന് ആക്ഷേപമുണ്ടെങ്കിലും ഇതുവരെ പരിഹാരം കാണാനായിട്ടില്ല.

പറമ്പ് നിറയെ കിണറുകൾ

വെള്ളം പുറത്തുനിന്നും വാങ്ങണം

സ്റ്റേഷൻ സ്ഥലത്ത് നാല് കുഴൽ കിണറുകളും ഒരു കിണറും ഉണ്ടെങ്കിലും ക്വാട്ടേഴ്സിൽ പൈപ്പ് വെള്ളമാണ്. സ്വന്തം ചിലവിൽ പണം മുടക്കിയാണ് ഇവർ വെള്ളം വാങ്ങുന്നത്. രണ്ട് കെട്ടിടങ്ങളിലും വാട്ടർ ടാങ്കുകൾ സ്ഥാപിച്ചിട്ടില്ല.

സ്ഥാപിതം 30.05.1931

തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ട് 93 വർഷം കഴിഞ്ഞു.തളിപ്പറമ്പ്, ആന്തൂർ മുനിസിപ്പാലിറ്റികളും പട്ടുവം, കുറുമാത്തൂർ പഞ്ചായത്തുകൾ പൂർണമായും ചപ്പാരപ്പടവ്, പരിയാരം എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പരിധി.തളിപ്പറമ്പ് പട്ടുവം, ആന്തൂർ മോറാഴ , കൂവേരി , പന്നിയൂർ , കുറുമാത്തൂർ, എന്നീ വില്ലേജുകളിലെ നിയമപരിപാലനം നിർവഹിക്കേണ്ടത് ഈ സ്റ്രേഷൻ മുഖേനയാണ്.

തളിപ്പറമ്പ് സ്റ്റേഷനിൽ

ഹൗസ് ഓഫീസർ

എസ്.ഐമാർ 9

സീനിയർ സിവിൽ പൊലീസ് ഓഫീസർ 18

സിവിൽ പൊലീസ് ഓഫീസർ 31

വനിതാ എസ്.ഐ

വനിതാ സിവിൽ പൊലീസ് ഓഫീസർ 7