കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ പരിപാടികളുടെ ഭാഗമായി അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം ദുരന്ത നിവാരണ അതോറിറ്റി, ഫയർ ഫോഴ്‌സ്, പൊലീസ് എന്നിവർ സംയുക്തമായി മോക്ഡ്രിൽ നടത്തി. സുനാമി മുന്നറിയിപ്പുമായി അനൗൺസ്മെന്റ് വാഹനം അഴീക്കോട് പഞ്ചായത്തിലൂടെ കടന്നുപോയതോടെ ഒന്നാം വർഡിലെ ലൈറ്റ് ഹൗസ് ഗ്രൗണ്ടിൽ പ്രദേശവാസികൾ തടിച്ചുകൂടി.

സുനാമി റെഡി പദ്ധതിയുടെ ഭാഗമായി മോക് ഡ്രിൽ ഉണ്ടാകുമെന്ന് അറിയാമെങ്കിലും സംവിധാനങ്ങളെല്ലാം നേരിട്ട് കണ്ട അങ്കലാപ്പിലായിരുന്നു ജനങ്ങൾ. ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തിനും ഒഴിപ്പിക്കൽ നടപടികൾക്കും നൂറുകണക്കിനാളുകൾ സാക്ഷിയായി. ഒന്ന്, 23 വാർഡുകാരാണ് സുനാമി റെഡി പദ്ധതിയുടെ ഭാഗമായി നടന്ന മോക് ഡ്രില്ലിൽ പങ്കാളികളായത്.

അസംബ്ലി പോയിന്റായിരുന്ന അഴീക്കോട് ലൈറ്റ് ഹൗസ് ഗ്രൗണ്ടിൽ എത്തിച്ചേർന്ന പ്രദേശവാസികൾക്ക് മോക് ഡ്രിൽ സംബന്ധിച്ച വിവരങ്ങൾ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, ഹസാർഡ് അനലിസ്റ്റ് ഐശ്വര്യ, ഫയർ ഓഫീസർ ഹരിനാരായണൻ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ എം.പി അനിൽകുമാർ, അഴീക്കോട് ഹെൽത്ത് സൂപ്പർവൈസർ എൻ. സുരേന്ദ്രൻ, കില ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റ് ആർ.രാജ്കുമാർ, അഴീക്കോട് നോർത്ത് വില്ലേജ് ഓഫിസ‌ർ എം.ബിജു എന്നിവർ വിശദീകരിച്ചു.മോക് ഡ്രിൽ ഓപ്പറേഷനിൽ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഡിസാസ്റ്റർ‌ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ കെ.വി ശ്രുതി നേതൃത്വം നൽകി.