തലശ്ശേരി: ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ്, ഒടുവിൽ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കാൻ നഗരസഭ തയ്യാറായി. കെട്ടിടത്തിനകത്തും ഇടതടവില്ലാതെ ഇവിടുത്തെ റോഡ് വഴി കടന്നുപോകുന്ന യാത്രക്കാർക്കും, വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കും പേടി സ്വപ്നമായ കെട്ടിടത്തിന്റെ കാര്യത്തിലാണ് തീരുമാനം.
മഴ വിട്ടുമാറാത്ത ഈ വർഷം മരങ്ങൾ വേരോടി വിള്ളൽ വീണ ചുമരുകൾ തകർന്ന് വീഴാതിരുന്നത് മഹാഭാഗ്യം കൊണ്ട് മാത്രമാണ്. വൻ ദുരന്തത്തെ മുന്നിൽ കണ്ടാണ് സമീപവാസികളും വഴിയാത്രക്കാരും ഓരോ ദിവസവും തള്ളി നീക്കിയത്. കെട്ടിടത്തിന്റെ ഭീതിതമായ അവസ്ഥയെക്കുറിച്ച് കേരളകൗമുദി തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചത് അധികൃതരുടെ ശ്രദ്ധയിൽപ്പെടാനിടയാക്കി.പുറമേക്ക് സുന്ദരമായ ബഹുനില കെട്ടിടത്തിന്റെ പിൻഭാഗമാണ് കല്ലിളകിയും, വിള്ളൽ വീണും, മരങ്ങൾ വേരിറക്കിയും അത്യന്തം അപകടാവസ്ഥയിലായത്. യഥാസമയം അറ്റകുറ്റപണികൾ നടത്താത്തതിനെ തുടർന്നാണ് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരസഭയുടെ ഈ കെട്ടിട സമുച്ചയം ഇത്രമേൽ നാശോന്മുഖമായത്. ശക്തമായ പ്രതിഷേധമുയർന്നതോടെ അപകടാവസ്ഥയിലുള്ള ടി.ബി. കോംപ്ളക്സ് നവീകരിക്കാൻ അധികൃതർ സന്നദ്ധമായി. ടി.ബി.കോംപ്ളക്സ് നവീകരിക്കാൻ 8 ലക്ഷം രൂപ അനുഭവിച്ചിട്ടുണ്ട്. പ്രവൃത്തികൾ മാർച്ച് മാസത്തിനു മുൻപ് തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഭിത്തികളിലെ ചെടികൾ നീക്കി
നവീകരണത്തിന് മുന്നോടിയായി ടി.ബി കോംപ്ലക്സിലെ പിറക് വശത്തെ ഉയരത്തിലുള്ള ഭിത്തികളിൽ വളർന്നു പടർന്ന ചെടികൾ അഗ്നിശമന സേനയുടെ സഹായത്തോടെ നീക്കം ചെയ്തു. അസിസ്റ്റന്റ് ഓഫീസർ ഒ.കെ.രജീഷ്, അസിസ്റ്റന്റ് ഗ്രേഡ് ഓഫീസർ വി.കെ.സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ഏറെ സാഹസികമായാണ് സേനാംഗങ്ങൾ വളർന്ന് പടർന്ന് കയറിയ മരങ്ങൾ പിഴുതു മാറ്റിയത്. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ചെയർപേഴ്സൺ ജമുനാ റാന്നി, കൗൺസിലർമാർ, സെക്രട്ടറി തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.