
പുലിയുടെ കാൽപാടല്ലെന്ന് വനംവകുപ്പ്
കക്കറ: പെരിങ്ങോം വയക്കര പഞ്ചായത്തിൽ പുലിഭീതി തുടരുന്നു. തിങ്കളാഴ്ച്ച കക്കറ കരിമണലിൽ വളർത്തുനായയെ കടിച്ചുകീറി കൊന്നത് പുലിയാണെന്ന സംശയത്തിൽ വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. കരിമണൽ സ്വദേശി ജനാർദനന്റെ വീട്ടിലെ നായയെയാണ് കൊന്നത്.
ഈ നായയുടെ ശരീരാവശിഷ്ടങ്ങൾ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടുകിട്ടിയിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളും ഇവിടെ കണ്ടെത്തി. ഇത് പരിശോധിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെ വയക്കര സ്‌ക്കൂൾ ഗ്രൗണ്ടിൽ എത്തിയവരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകൾ കണ്ടത്. എന്നാൽ ഇത് പുലിയുടേതല്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്.
ഓരോ കാൽപ്പാടുകൾക്കും 40 സെന്റീമീറ്റളോളം അകലം കാണുന്നുണ്ട്. പുലിയാണോയെന്ന് കണ്ടെത്താൻ പ്രദേശത്ത് തിങ്കളാഴ്ച്ച സ്ഥാപിച്ച നാല് കാമറകൾ ഇന്നലെ സ്ഥലംമാറ്റി സ്ഥാപിച്ചു. ഹെലി ക്യാമറ ഉപയോഗിച്ചും പരിശോധന നടത്തി. പുലിയാണെന്ന് വ്യക്തമായാൽ സഞ്ചാരദിശ കണ്ടെത്തി കൂട് സ്ഥാപിക്കും. രണ്ടാഴ്ച്ച മുമ്പ് തളിപ്പറമ്പ് കണികുന്നിലും പറശിനിക്കടവ് നണിച്ചേരിയിലും പുലിയെ കണ്ടതായി വാർത്തകളുണ്ടായിരുന്നു.