blast

കാസർകോട്: നാലുപേരുടെ മരണത്തിനും 150 പേർക്ക് പൊള്ളലേൽക്കുന്നതിനും ഇടയായ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സചിലവുകൾ സർക്കാർ വഹിക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഉത്തരവ് ഇറങ്ങിയില്ല. നടപടിക്രമങ്ങൾ നീളുന്നത് ആശുപത്രിയിൽ കഴിയുന്നവരുടെ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ചികിത്സചിലവുകൾ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങാത്തതിനാൽ ചികിത്സ സഹായത്തിന്റെ കണക്കെടുപ്പും തുടങ്ങിയിട്ടില്ല.

ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ എത്രകാലം തുടരണം. തുടർചികിത്സക്കുള്ള സംവിധാനം ,​ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം എന്നിവയിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. ആശുപത്രി വിട്ടവരുടെ തുടർചികിത്സ നടത്തുന്നത് സംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവ് തന്നെ ഇറക്കേണ്ടതായി വരും.

ബില്ലുകൾ കളക്ടറേറ്റിലെത്തണം

പൊള്ളലേറ്റവരും മരിച്ചവരും ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിൽ നിന്ന് ബില്ലുകൾ ശേഖരിച്ച് കളക്ടറേറ്റിൽ എത്തിച്ച് കളക്ടറുടെ അനുമതിയോടെ ഫിനാൻസ് ഓഫീസറാണ് ഫണ്ട് അനുവദിക്കേണ്ടത്. ഇതുവരെ ഇത് സംബന്ധിച്ച കൃത്യമായ ഉത്തരവും ഫണ്ടും എത്താത്തതിനാൽ ഏതു രീതിയിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഒക്ടോബർ 28ന് രാത്രിയാണ്‌ വെടിക്കെട്ട് ഉണ്ടായത്. 154 ആളുകൾ പൊള്ളലേറ്റ് ആശുപത്രിയിലായി. ഇതിൽ കുറെ ആളുകൾ പ്രാഥമിക ചികിത്സ തേടിയ ശേഷം ഡിസ്ചാർജ് വാങ്ങി വീടുകളിലേക്ക് പോയി. ഗുരുതരമായി പൊള്ളലേറ്റവർ അടക്കം 102 പേരാണ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞത്. നാലുമരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ 94 പേർ ആശുപത്രിയിലുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെയും മംഗളുരുവിലെയും 13 ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് ദിവസവും ബില്ല് അയക്കണം എന്നായിരുന്നു ആദ്യം വാക്കാൽ നൽകിയ നിർദ്ദേശം. പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി ഡിസ്ചാർജ് ചെയ്തതിന് ശേഷം ബില്ലുകൾ മതിയെന്നാണ് ഇപ്പോഴത്തെ നിർദ്ദേശം. ബില്ലുകൾ ഡി.എം.ഒ ഓഫീസിൽ എത്തിക്കണമെന്നാണ് അറിയിപ്പ്.

മംഗളൂരുവിൽ ബുദ്ധിമുട്ടുന്നു

മംഗളൂരുവിലെ മൂന്ന് ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ നിന്ന് ആശുപത്രി അധികൃതർ ബിൽ അടക്കാൻ ആവശ്യപ്പെടുന്നതായി നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു. പണം സംഘടിപ്പിച്ച് ബില്ല് അടക്കാൻ ഇവർ പാടുപെടുകയാണ്. ഈ ആശുപത്രി മാനേജുമെന്റുകളെ ബന്ധപ്പെട്ട് സർക്കാർ തീരുമാനം അറിയിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വിളിച്ചാൽ ഫോണിൽ കിട്ടുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. പണമില്ലാത്തതിനാൽ ഡിസ്ചാർജ് അകാൻ കഴിയുന്നില്ലെന്ന അവസ്ഥയും പലരും പങ്കുവെക്കുന്നുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം
ആകെ പരിക്കേറ്റവർ 154

മരണം 4

ചികിത്സയിൽ 81
ഐ.സി.യു 15
വാർഡുകളിൽ 66