പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ കോടികൾ മുടക്കി ഏഴ് നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയെങ്കിലും സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ആവശ്യത്തിനില്ലാത്തത് രോഗികളെ വലക്കുന്നു. രണ്ടു മാസത്തോളമായി ആശുപത്രിയിൽ ജനറൽ ഫിസിഷ്യൻ ഇല്ല.

ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജി ഡോക്ടർ ഇല്ലാത്തിനാൽ രോഗികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. വിമുക്തി യൂനിറ്റ് നിലവിലുണ്ടെങ്കിലും സൈക്യാട്രിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമല്ല. ഉണ്ടായിരുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ സ്ഥലം മാറി പോയപ്പോൾ പകരം നിയമനം നടത്താത്തതാണ് രോഗികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നത്.

മിക്ക ഡിപ്പാർട്ടുമെന്റുകളിലും പേരിന് മാത്രമാണ് സേവനം ലഭിക്കുന്നതെന്ന് രോഗികൾ കുറ്റപ്പെടുത്തുന്നു.

ആശുപത്രിയിലെ ഫാർമസി നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ (12 മണിക്കൂർ ) മാത്രമാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ രോഗികളുമായി എത്തുന്നവർക്ക് ഫാർമസി സൗകര്യം ലഭിക്കാത്തത് വിഷമം സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. ആവശ്യത്തിന് ഫാർമസിസ്റ്റുകളെ നിയമിച്ച് ഫാർമസി ദിവസം മുഴുവൻ പ്രവർത്തിപ്പിക്കണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.

ആശുപത്രിയിൽ ആവശ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ഫാർമസിസ്റ്റിനെയും നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. ജില്ല ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, മണ്ഡലം പ്രസിഡന്റ് കെ.കെ.അഷ്റഫ്, ജനറൽ സെക്രട്ടറി ഇഖ്‌ബാൽ കോയിപ്ര, വൈസ് പ്രസിഡന്റ് വി.കെ.പി.ഇസ്മയിൽ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എസ്.കെ.നൗഷാദ്, കാട്ടൂർ ഹംസ തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

പാവങ്ങൾക്കാണ് പാട്

ആശുപത്രിയിൽ കിഴക്കൻ മലയോര മേഖലയിൽ നിന്നടക്കം നിത്യേന നൂറ് കണക്കിന് രോഗികൾ ചികിത്സ തേടി എത്താറുണ്ട്.

രോഗികളിൽ അധികവും സാമ്പത്തിക ശേഷി കുറഞ്ഞ സാധാരണക്കാർ ആയത് കാരണം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ തേടി സ്വകാര്യ ആശുപത്രിയിൽ പോകുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വൻകിട സ്വകാര്യ ആശുപത്രികളോട് കിട പിടിക്കുന്ന തരത്തിൽ 56 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഏഴ് നില ബഹുനില കെട്ടിടം കഴിഞ്ഞ വർഷം സെപ്തംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

കെട്ടിടത്തിന്റെ പകിട്ടല്ലാതെ രോഗികൾക്ക് അതിന്റെ ഗുണമൊന്നും ലഭിക്കുന്നില്ല. ആവശ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ഫാർമസിസ്റ്റിനെയും നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.

മുസ്ലിം ലീഗ്