
പാലക്കുന്ന്: കടൽ യാത്രയിലെ ഓർമ്മകൾ പങ്കുവച്ചും റിട്ടയർമെന്റ് ജീവിതത്തിലെ ആശങ്കകൾ പങ്കിട്ടും കോട്ടിക്കുളം മർച്ചന്റ് നേവി ക്ളബ്ബ് ഒരുക്കിയ സംഗമം ശ്രദ്ധേയമായി.സീമെൻസ് ഐക്യദിനത്തിന്റെ ഭാഗമായാണ് കപ്പലോട്ടക്കാർ കോട്ടിക്കുളത്ത് ഒത്തുകൂടിയത്.
കടൽ ക്ഷോഭം മുതൽ കടൽകൊള്ളക്കാരുടെ ആക്രമണം വരെയുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയ സംഗമത്തിൽ തുടർജീവിതത്തിലെ ആശങ്കയും മുൻ നാവികർ പങ്കുവച്ചു. ഒട്ടുമിക്ക തൊഴിൽ വിഭാഗങ്ങൾക്കും പ്രതിമാസ ക്ഷേമപെൻഷൻ ലഭിക്കുമ്പോൾ കോടിക്കണക്കിന് മൂല്യമുള്ള വിദേശനാണ്യം നേടിക്കൊടുത്ത മർച്ചന്റ് നേവി ജീവനക്കാർക്ക് മാത്രം ഇത് നിഷേധിക്കുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. അതെ സമയം 'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയിലൂടെ 25,000 രൂപ വീതം കിട്ടിയതിലെ സന്തോഷം ചടങ്ങിലെത്തിയ എഴുപത്തിയഞ്ചു പിന്നിട്ട നാവികർ മറച്ചുവച്ചില്ല. രക്ഷാധികാരി വി. കരുണാകരൻ മംഗ്ലൂരുവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.കെ.ജയപ്രകാശ്, കൃഷ്ണൻ മുദിയക്കാൽ, സി ആണ്ടി, പി.വി.കുഞ്ഞിക്കണ്ണൻ, നാരായണൻ കുന്നുമ്മൽ, കെ.പ്രഭാകരൻ, എ.വി.നാരായണൻ, എ.കെ.അബ്ദുല്ലക്കുഞ്ഞി, ബാലകൃഷ്ണൻ കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറി മുഹമ്മദ് ഹുസൈൻ, മുൻ പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
നാവികർക്ക് ആദരവും
സെയ്ലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യൻ മേധാവിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അഡ്വൈസറി ബോർഡ് അംഗവും നിരവധി രാജ്യ, രാജ്യാന്തര ബഹുമതികളും നേടിയ ക്യാപ്റ്റൻ വി.മനോജ് ജോയിയെ സംഗമവേദിയിൽ ആദരിച്ചു. അറുപത്തിയഞ്ച് പൂർത്തിയായ എ.കൃഷ്ണൻ (മുദിയക്കാൽ), എ.വി.നാരായണൻ, വി.നാരായണൻ ( കാഞ്ഞങ്ങാട്),സി വി.വിജയൻ (ബാര), എഴുപത്തിയഞ്ച് പിന്നിട്ട കെ.ബാലകൃഷ്ണൻ (കുതിരക്കോട് ), സി കെ.കണ്ണൻ (കീഴൂർ), ഷെയ്ക് ഉമ്മർ ദാവൂദ് (കീക്കാൻ) എന്നിവർക്ക്
ചടങ്ങിൽ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ച. അറുപത്തിയഞ്ച് വയസിന് മുമ്പെ മരിച്ച നാവികരുടെ ഭാര്യമാർക്കുള്ള സാന്ത്വനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. എൺപത്തിയഞ്ച് പിന്നിട്ട ഷെയ്ക്ക് ഇബ്രാഹിം സാഹിബിനെ മലാംകുന്നിലെ വീട്ടിൽ ചെന്ന് ആദരിക്കാനും സംഘാടകർ തീരുമാനിച്ചു.