logo

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം ശ്രീ വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതിനായി ഒരു കോടി രൂപ അനുവദിച്ചുള്ള ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം ചേർന്ന കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

നാലു പേർ മരിക്കുകയും 150പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽപെട്ടവരുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കുമെന്ന് കഴിഞ്ഞ 30ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ഉത്തരവ് ഇറങ്ങാത്തത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടതോടെ എസ് .ഡി.ആർ.എഫ് മാനദണ്ഡമനുസരിച്ച് ദുരിതാശ്വാസ സഹായം കാസർകോട് ജില്ല കളക്ടർക്ക് വിതരണം ചെയ്യാനാകും. ആശുപത്രിയിൽ കഴിയുന്നവർക്ക് എസ്.ഡി.ആർ.എഫിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ചെലവ് വഹിക്കാനും ഇരകൾക്ക് ദുരിതാശ്വാസ ധനസഹായം നൽകാനും കളക്ടർക്ക് അനുമതി ലഭിച്ചു. അപകടത്തിൽ മരിച്ചവരുടെ ചികിത്സയ്ക്കായി ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.