thozhil
തൊഴിലുറപ്പ്

കണ്ണൂർ: പാമ്പുകളടക്കമുള്ള ഇഴജന്തുക്കളുടെയും കടന്നലുകളുടെയും ആക്രമണം ഏതുനിമിഷവും ഉണ്ടാകുമെന്ന സാഹചര്യത്തിൽ സുരക്ഷയിൽ ഉറപ്പില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ. പാമ്പുകടിയേൽക്കുന്നതും കടന്നൽ കുത്തേൽക്കുന്നതുമടക്കം ജീവാപായസാദ്ധ്യത മുന്നിൽ നിർത്തിയാണ് ദരിദ്രകുടുംബങ്ങളിലെ വീട്ടമ്മമാർ തൊഴിലിനിറങ്ങുന്നത്.

ജോലിക്കിടെ പാമ്പു കടിയേറ്റും കടന്നൽകുത്തേറ്റും നിരവധി പേരാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. ഓവുചാൽ ശുചീകരണം,​ കാടുവെട്ടിത്തെളിക്കൽ, പറമ്പ് കിളക്കൽ തുടങ്ങിയ കഠിനമായ ജോലികളും ഇവർക്ക് ചെയ്യേണ്ടിവരുന്നുണ്ട്. ഇത്തരം തൊഴിലിടങ്ങളിൽ യാതൊരു സുരക്ഷയും ഇവർക്ക് ലഭിക്കുന്നില്ല. ഓടകൾ വൃത്തിയാക്കുമ്പോൾ കൈയുറയടക്കം ലഭിക്കേണ്ടതുണ്ട്. എന്നാൽ മിക്ക പഞ്ചായത്തുകളിലും ഇത് ലഭ്യമല്ല. സ്വന്തം നിലയിൽ കരുതണമെന്നാണ് അധികൃതരുടെ മറുപടിയെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഓടകളിലും പറമ്പുകളിലും കൈയിലും കാലിലും പ്ളാസ്റ്റിക് ചുറ്റിയാണ് ജോലിക്കിറങ്ങുന്നത്. ഇതുമൂലം ത്വക് രോഗങ്ങളടക്കം പിടിപെടുന്നവർ നിരവധിയാണ്. മദ്ധ്യവയസ് പിന്നിട്ടതു വഴി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് കൂട്ടത്തിൽ അധികവും. ഡെങ്കിപനി, എലിപ്പനി തുടങ്ങിയ മാരക പകർച്ചവ്യാധികൾ പിടിപെട്ട് അപകടത്തിൽപെടുന്ന തൊഴിലാളികളും കുറവല്ല. റോഡ് ശുചീകരണത്തിനിടയിൽ വാഹനം തട്ടിയും മറ്റും അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ഇത്തരം ജോലി ചെയ്യുമ്പോൾ സൂചനാബോർഡുകൾ സ്ഥാപിക്കാനും അധികൃത‌‌ർ മടിക്കുകയാണ്.

ആനുകൂല്യത്തിന് പുറത്ത്

വർഷത്തിൽ 200 ദിവസം ജോലി നൽകണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ 100 ദിവസത്തെ തൊഴിലാണ് ലഭിക്കുന്നത്. കൂലി 346 രൂപ. മുമ്പ് പണിയായുധങ്ങൾ വാങ്ങുന്നതിന് നൽകിയിരുന്ന തുകയും റദ്ദാക്കി. ശമ്പളത്തിന് പുറമേ യാതൊരു ആനൂകൂല്യങ്ങളും കേന്ദ്ര സർക്കാർ ഇവർക്ക് നൽകുന്നില്ല. മാസത്തിലൊരിക്കൽ സൗജന്യമായി ആരോഗ്യ പരിശോധന നടത്തണമെന്ന നിർദ്ദേശവും ​സ്വീകരിക്കപ്പെട്ടില്ല.

കേന്ദ്ര സർക്കാ‌രിന് താൽപര്യക്കുറവ്

അശാസ്ത്രീയമായ എൻ.എം.എം.എസ്, ജിയോ ഫാൻസിംഗ് തുടങ്ങിയ മാനദണ്ഡങ്ങൾ കൊണ്ടുവന്ന് കേന്ദ്രസർക്കാർ പദ്ധതിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഒരു വിഭാഗം തൊഴിലാളികൾ ആക്ഷേപിക്കുന്നു. ഒരു വാർഡിന്റെ പരിധിയിൽ പണി എടുക്കുമ്പോൾ രാവിലെ പണി തുടങ്ങുന്ന സമയത്ത് തൊഴിലുറപ്പിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണം. പിന്നീട് അവിടെ നിന്നും ഫോട്ടോ എടുത്ത് അയയ്ക്കണം. ഉച്ചയ്ക്ക് വീണ്ടും ഇതു തന്നെ ചെയ്യണം. നേരത്തെ ബോർഡ് സ്ഥാപിച്ച സ്ഥലത്തു നിന്നും പണി തുടങ്ങി ഉച്ചയാകുമ്പോഴേക്കും കൂറെ ദൂരം പിന്നിട്ടിട്ടുണ്ടാകും. പ്രായമായവർ ഉൾപ്പെടെ വീണ്ടും തിരിച്ചുപോയി ഫോട്ടോ എടുത്ത് അയയ്ക്കണമെന്നാണ് വ്യവസ്ഥ.