kattupoth

കാസർകോട്: വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപോത്തിന്റെ കുത്തേറ്റ കുണ്ടംകുഴി കാരക്കാട് പട്ടികവർഗ ഉന്നതിയിലെ എച്ച്. തുണ്ടിച്ചിയെ (65) ആശുപത്രിയിൽ പ്രവേശിപ്പിച്ചു രാവിലെ തുണ്ടിച്ചിയുൾപ്പെടെ നാല് സ്ത്രീകൾ കാരക്കാട് ഗുളികൻ കാവിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് ആക്രമണം.

കാട്ടുപോത്തിനെ കണ്ട മറ്റ് സ്ത്രീകൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവർ നൽകിയ വിവരത്തെ തുടർന്ന് നാട്ടുകാരെത്തി പരിക്കേറ്റ തുണ്ടിച്ചിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. മുഖത്തും കൈക്കും സാരമായി പരിക്കേറ്റ ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് എത്തിയ വനപാലകർ നടത്തിയ തിരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിലായിരുന്ന കാട്ടുപോത്തിനെ കണ്ടെത്തി. വനപാലകരും നാട്ടുകാരും ബഹളംവച്ച് കാട്ടുപോത്തിനെ എതിർദിശയിലേക്ക് ഓടിച്ച് ഉച്ചയോടെ ലിങ്കത്തോട് വഴി പയസ്വിനി പുഴ കടത്തി മുളിയാർ വനമേഖലയിലേക്ക് തുരത്തുകയായിരുന്നു.

ബന്തടുക്ക സെക്ഷൻ ഓഫീസർ എം.പി.രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി രാജേഷ്, സുധീഷ്‌കുമാർ, എൻ.സുധാകര, വാച്ചർമാരായ അഷ്‌റഫ്, രഞ്ജിത്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപോത്തിനെ തുരത്തിയത്.