
വെള്ളോറയിൽ ആടുകളെയും പാണൂരിൽ വളർത്തുനായയേയും കടിച്ചുകൊന്നു
മാതമംഗലം/കാസർകോട്: കണ്ണൂർ എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വെള്ളോറയിലും കാസർകോട് പാണൂരിലും പുലിയുടെ സാന്നിദ്ധ്യം.വെള്ളോറ കടവനാട് അറക്കാപ്പാറ ക്ഷേത്രത്തിന് സമീപത്തെ പന്തമാക്കൽ രവീന്ദ്രന്റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന രണ്ട് ആടുകളെ കടിച്ചുകൊന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ദിവസങ്ങളായി പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു.പരിശോധന നടത്തിയ വനംവകുപ്പ് സംഘം പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരോട് ജാഗ്രത പാലിക്കാൻ പ്രാദേശികഭരണകൂടം നിർദ്ദേശം നൽകിയിരിക്കുകയാണ്.
പാണൂർ തോട്ടത്തിൻമൂലയിലെ മണികണ്ഠന്റെ വളർത്തുനായ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ആക്രമിക്കപ്പെട്ടത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനടിയിൽ കിടന്ന നായയെപിടിക്കുകയായിരുന്നു. നായയുടെ അലർച്ച കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായയെയും എടുത്ത് വന്യമൃഗം കൊണ്ട് മറഞ്ഞു. വിവരമറിഞ്ഞ് വംവകുപ്പ് ഉദ്യോഗസ്ഥരെത്തി മണികണ്ഠന്റെ വീട്ടുപരിസരത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കാർ യാത്രക്കാരും പുലിയെ കണ്ടതായി പറയുന്നു. കാറിന്റെ ഹെഡ്‌ലൈറ്റിന് മുന്നിൽ പുലിയെ കണ്ടെന്നാണ് യാത്രക്കാർ അറിയിച്ചത്.
പള്ളഞ്ചി കാട്ടിപ്പാറയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. കാട്ടിപ്പാറയിലെ ഗംഗാധരന്റെ കൃഷി കാട്ടാനകൾ നശിപ്പിച്ചു.
്