
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ റിമാൻഡിലായ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം 29 മുതൽ പളളിക്കുന്ന് വനിതാജയിലിലാണ് ദിവ്യ.
കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം അവസാനഘട്ടത്തിലാണ്.
കളക്ടർ അരുൺ കെ.വിജയന്റെ മൊഴി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. വകുപ്പുതല അന്വേഷണത്തിനിടെ കളക്ടർ നൽകിയ മൊഴിയുടെ പൂർണ വിവരം അറിയുന്നതിന് ലാൻഡ് റവന്യു ജോ.കമ്മിഷണറായ ഗീതയുടെ മൊഴിയെടുക്കും.
തെറ്റ് പറ്റിയെന്ന് നവീൻ ബാബു സമ്മതിച്ചുവെന്ന് കളക്ടർ വകുപ്പുതല അന്വേഷണത്തിലും മൊഴി നൽകിയിരുന്നു. എന്നാൽ, എ.ഡി.എമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ലാൻഡ് റവന്യു ജോ.കമ്മിഷണറുടെ മൊഴിയെടുക്കുന്നത്. എ.ഡി.എം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന വാദമുന്നയിച്ചാണ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം ശക്തമാക്കിയത്. ഈ സാഹചര്യത്തിൽ കൂടിയാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നത്.
പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തിന്റെ പരാതി സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എ.ഡി.എമ്മിന്റെ യാത്രഅയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഒക്ടോബർ 14നായിരുന്നു യാത്രഅയപ്പ്. അതിനുമുമ്പ് വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയർത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. ഉച്ചയ്ക്ക് 1.40ന് വിജിലൻസ് ഓഫീസ് ഭാഗത്തുനിന്ന് പ്രശാന്ത് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
അന്വേഷണ പുരോഗതി
വ്യക്തമല്ല: സഹോദരൻ
പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉള്ളതായി വ്യക്തമല്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു കേരളകൗമുദിയോട് പറഞ്ഞു. പുകമറ സൃഷ്ടിച്ച് പി.പി.ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ സാഹചര്യമാെരുക്കുകയാണ്. കൈക്കൂലി നൽകിയെന്ന് പറയുന്ന പ്രശാന്തനെതിരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ പരാതിയും ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. എല്ലാ ഗൂഢാലോചനയും തെളിയണം.
പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കാൻ എത്തുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. മൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തുമെന്ന് മാദ്ധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്.കളക്ടറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും അതിൽ വ്യക്തത വരുത്തണമെന്നും പ്രവീൺ ബാബു ആവശ്യപ്പെട്ടു. ഐ.എ.എസ് അസോസിയേഷൻ അടക്കം കഴിഞ്ഞ ദിവസം കളക്ടർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം.