
കണ്ണൂർ: എ.ഡി.എം കെ.നവീൻ ബാബുവിന്റെ ആത്മഹത്യ കണ്ണൂർ സർവ്വകലാശാലയുടെ എൽ.എൽ.ബി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അദ്ധ്യാപകനെ പിരിച്ചു വിട്ടു. മഞ്ചേശ്വരം ലോ കോളേജിലെ താൽക്കാലിക അദ്ധ്യാപകൻ ഷെറിൻ സി.എബ്രഹാമിനെതിരെ എസ്.എഫ്.ഐയുടെ പരാതിയിലാണ് നടപടിയെടുത്തത്.
ത്രിവത്സര എൽ.എൽ.ബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷയ്‌ക്കാണ് ഈ ചോദ്യം വന്നത്. കാലിക പ്രസക്തിയുള്ള വിഷയമായതിനാലാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതെന്ന് ഷെറിൻ സി.എബ്രഹാം പറഞ്ഞു.
ചോദ്യം ലോ കോളജ് കാമ്പസ് ഡയറക്ടർ ഷീന ഷുക്കൂറിനെയും, സർവകലാശാല ഇടതുപക്ഷ അധികാര ലോബിയെയും അസ്വസ്ഥപ്പെടുത്തുന്നതിന്റെ തെളിവാണിതെന്നും അദ്ധ്യാപകനെ പുറത്താക്കിയത് പ്രതിഷേധകരമാണെന്നും കണ്ണൂർ സർവ്വകലാശാലാ സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ.ഷിനോ പി.ജോസ് പറഞ്ഞു.
ചോദ്യത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ പറഞ്ഞിരുന്നു. സമകാലിക വിഷയം നൽകി എന്നതല്ലാതെ യാതൊരു രാഷ്ട്രീയവും ഉദ്ദേശിച്ചില്ലെന്ന് അദ്ധ്യാപകനായ ഷെറിൻ പറഞ്ഞു. ഈ ചോദ്യത്തിന് പീഡനം, ക്രൂരവും നിന്ദ്യവുമായ പെരുമാറ്റം, എന്നിവയ്‌ക്കെതിരായ 1984 ലെ യു.എൻ കൺവെൻഷനിലെ വ്യവസ്ഥകൾ വച്ച് ഉത്തരം എഴുതാമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ഇങ്ങനെ
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ രാഷ്ട്രീയ നേതാവ് കൈക്കൂലി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഒരു എ.ഡി.എം. ആത്മഹത്യ ചെയ്തു. മനുഷ്യാവകാശ കാഴ്ചപ്പാടിൽ കേസ് തീരുമാനിക്കുക എന്നാണ് ചോദ്യം.
ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്‌ടിച്ചതിന് ജനക്കൂട്ടം തല്ലിക്കൊന്ന കേസിലെ മനുഷ്യാവകാശ പ്രശ്നവും ചോദ്യമായി നൽകിയിട്ടുണ്ട്. രണ്ടിൽ ഏതെങ്കിലും ഒന്നിന് ഉത്തരമെഴുതാനാണ് നിർദ്ദേശം.