
പരിയാരം:ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വാഹനഗതാഗതം വഴിതിരിച്ചുവിട്ട സർവീസ് റോഡുകളിൽ പല സ്ഥലത്തും അപകടങ്ങൾ പതിയിരിക്കുന്നു. പരിയാരം കോരൻ പീടികയിൽ സർവീസ് റോഡിലേക്ക് കയറ്റി സ്ഥാപിച്ച ഇരുമ്പു തൂണുകൾ
വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മുന്നറിയിപ്പ് ബോർഡുകൾ വെക്കാതെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. തെരുവുവിളക്ക് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ വലിയ അപകടസാദ്ധ്യതയാണ് ഇവിടെയുള്ളത്.
ഇടതടവില്ലാതെ ചെറുതും വലുതുമായി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ സർവീസ് റോഡ് തകർന്നിട്ടും പ്രശ്നപരിഹാരത്തിന് അധികൃതർ മുന്നോട്ടുവന്നിട്ടില്ല. വാഹനയാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
ചിലയിടങ്ങളിൽ പാച്ച് വർക്ക് നടത്തിയത് പൊങ്ങി നിൽക്കുന്നത് വാഹനങ്ങൾക്ക് കൂടുതൽ ദുരിതമാകുകയാണ് .മുന്നറിയിപ്പും ഡിവൈഡറുകളും സ്ഥാപിക്കാതെയുള്ള നിർമ്മാണമാണ് പലയിടത്തും നടക്കുന്നത്.
കോരൻപീടിക മാത്രമല്ല
ചുടലയിൽ റോഡുകൾ തകർന്ന് ചെളി നിറഞ്ഞു
കുപ്പത്ത് ക്രാഷ് ബാരിയറോ സൈഡ് ഡിവൈഡറോ ഇല്ലാതെ വാഹനങ്ങൾ തെന്നുന്നു
തളിപ്പറമ്പ് ചിറവക്ക് മുതൽ റോഡുകൾ അങ്ങിങ്ങായി പൊട്ടി
ബക്കളം എം.വി.ആർ ഹോസ്പിറ്റൽ സർവീസ് റോഡിൽ വൻ കുഴികൾ
മാങ്ങാട്ടുപറമ്പ് ബസ് സ്റ്റോപ്പ് മുതൽ ബക്കളം വരെ റോഡ് തകർന്നു
ജീവൻ പൊലിഞ്ഞിട്ടും കണ്ണുതുറക്കാതെ
മാസങ്ങൾക്ക് മുമ്പ് പിലാത്തറ വിളയാങ്കോട് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കുപ്പത്ത് സ്കൂട്ടർ റോഡരികിലെ കുഴിയിലേക്ക് വീണു