
കേളകം: സോയിൽ പൈപ്പിംഗ് പ്രതിഭാസംമൂലം കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിലെ വിള്ളൽ സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം
എത്തി.മൂന്നു മാസം മുമ്പ് സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയിലെ ശാസ്ത്രജ്ഞന്മാർ കൈലാസംപടിയിലെത്തി വിശദമായ പഠനം നടത്തിയിരുന്നു. സ്ഥലത്ത് ഇലക്ട്രോ റെസിസ്റ്റിവിറ്റി സർവേ നടത്തി വിള്ളലിന്റെ കൃത്യമായ കാരണം കണ്ടെത്തണമെന്നായിരുന്നു സംഘത്തിന്റെ റിപ്പോർട്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൗമശാസ്ത്രസംഘം പഠനത്തിനായി എത്തിയത്.മണ്ണിടിച്ചിൽ ഉപദേശക സമിതി ചെയർമാൻ സി മുരളീധരൻ, ശാസ്ത്രജ്ഞനായ ജി.ശങ്കർ, കേരള സർവകലാശാല മണ്ണിടിച്ചിൽ ഉപദേശക സമിതി അംഗം ഡോ.നന്ദകുമാർ, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സജൻ കുമാർ, ഹസാർഡ് റിസ്ക് അനലിസ്റ്റ് അംഗം ജി.എസ്.പ്രദീപ്, ഹസാർഡ് അനലിസ്റ്റ് കണ്ണൂർ ഇ.ഡി.എം.എ ഐശ്വര്യ, സയന്റിസ്റ്റ് സുരേഷ്, എൽദോസ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്. മൂന്നു ദിവസങ്ങളിലായാണ് പഠനം നടത്തുന്നത്.
കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ സംഭവിച്ച വീടും ഭൂമിയുമാണ് സംഘം ആദ്യം സന്ദർശിച്ചത്.സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉപദേശക സമിതി അംഗങ്ങൾ പഠനം മോണിറ്ററിംഗ് നടത്തും.പഠനസംഘത്തോടൊപ്പം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ്, വാർഡ് മെമ്പർ സജീവൻ പാലുമി എന്നിവരും ഉണ്ടായിരുന്നു. കേളകം ഗ്രാമ പഞ്ചായത്തിന്റെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് പഠനസംഘം കൈലാസംപടിയിലെത്തിയത്.
ഇലക്ട്രോ റെസിസ്റ്റിവിറ്റി സർവേയിൽ അറിയും
ഭൂമിയിലൂടെ ഒരു വൈദ്യുത പ്രവാഹം കടത്തിവിട്ട് തത്ഫലമായുണ്ടാകുന്ന വോൾട്ടേജ് വ്യത്യാസം അളക്കുന്നതിലൂടെ ഭൂഗർഭത്തിന്റെ പ്രതിരോധം അളക്കുന്ന ഒരു ജിയോഫിസിക്കൽ രീതി. മണ്ണിലെ പ്രതിരോധശേഷിയുടെ വിതരണത്തെക്കുറിച്ചും ഉപരിതലത്തിന് താഴെയുള്ള വസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ചും സർവേ വിവരങ്ങൾ നൽകുന്നു.
കൈലാസംപടിയിൽ അറിയേണ്ടത്
1.ഭൂമിയിൽ വിള്ളൽ എവിടെ വരെ ഉണ്ടായിട്ടുണ്ട്
2.ഭൂമിയുടെ അടിയിൽ വെള്ളമൊഴുകുന്നുണ്ടോ
3.മേൽമണ്ണ് എത്രയുണ്ട്
4.മണ്ണിലെ ഈർപ്പത്തിന്റെ തോത്
വിള്ളൽ തുടങ്ങിയത് 2003 മുതൽ
കൈലാസംപടിയിൽ പരത്താനാൽ തോട് മുതൽ ഒരു കിലോമീറ്റർ ചുറ്റളവിലാണ് മൂന്നുമീറ്റർ വരെ താഴ്ന്നത്. 2003 മുതലാണ് വിള്ളലുകൾ കണ്ടുതുടങ്ങിയത്. 2008ൽ ഇത് വർദ്ധിച്ചുതുടങ്ങി. 2018ഓടെ വിള്ളൽ വർദ്ധിച്ചു.മഴക്കാലത്താണ് വിള്ളൽ അധികരിക്കുന്നത്. വീടുകളുടെ തറയിലും ഭിത്തിയിലും കൃഷിയിടങ്ങളിലും വിള്ളൽ വീണു. നിരവധി വീടുകൾ താമസയോഗ്യമല്ലാതായി. 10 കുടുംബങ്ങൾക്കാണ് ദുരിതാശ്വാസ നിധിയിൽനിന്ന് ഇതുവരെ തുക ലഭിച്ചത്.പ്രദേശത്തെ 10 കുടുംബങ്ങളെ പത്തുലക്ഷം നഷ്ടപരിഹാരം നൽകി മാറ്റിത്താമസിപ്പിച്ചു. ബാക്കിയുള്ളവർ സഹായത്തിനായി സർക്കാരിനെ സമീപീച്ച് കാത്തിരിക്കുന്നു.
കൈലാസംപടിയിലെത്തിയ വിദഗ്ധ സംഘം ആധൂനിക ഉപകരണങ്ങളുടെ സഹായത്തോടെ വിള്ളലിനെ കുറിച്ച് വിശദമായ പഠനം നടത്തും.സംഘത്തിന്റെ പഠനറിപ്പോർട്ടിന് അനുസരിച്ച് പ്രദേശവാസികളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും- സി.ടി.അനീഷ് (കേളകം പഞ്ചായത്ത് പ്രസിഡന്റ്)
പടം :സോയിൽ പൈപ്പിംഗ് പ്രതിഭാസത്തെക്കുറിച്ച് വിശമായ പഠനം നടത്താൻ ഭൗശാസ്ത്ര വിദഗ്ധ സംഘം
കൈലാസം പടിയിൽ എത്തിയപ്പോൾ