തലശ്ശേരി: തലശ്ശേരിയിൽ നിന്നും കൊളശ്ശേരിയിലേക്കുള്ള പ്രധാന റോഡിൽ കുയ്യാലിപ്പുഴക്ക് മീതെ 1966 ൽ നിർമ്മിച്ച കുയ്യാലിപാലത്തിന്റെ കിഴക്ക് ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കൈവരികൾ തകർന്ന് കിടപ്പാണ്. ഇടുങ്ങിയ പാലത്തിലൂടെ ഇരുവശത്തുനിന്നും ഭാരവാഹനങ്ങൾ വന്നാൽ, കുടുങ്ങിയത് തന്നെ. പാലത്തിലൂടെ ഉയർന്നും താഴ്ന്നുമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കാൽ നടയാത്ര പോലും ഇവിടെ ദുഷ്‌ക്കരമാണ്.
പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് കമ്പികൾ തെറിച്ച് നിൽക്കുന്നുണ്ട്. അപ്രോച്ച് റോഡിൽ നിന്നും, കുയ്യാലി ഭാഗത്തുനിന്നും പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണ് ഏറെയും കുണ്ടും കുഴികളുമുള്ളത്. കുയ്യാലി റെയിൽവേ ഗേറ്റ് തുറന്നാൽ, ഇരുഭാഗത്തു നിന്നുമുള്ള വാഹനങ്ങൾ ഇടുങ്ങിയ പാലത്തിൽ ഏറെ നേരം കുരുക്കിൽപ്പെട്ട് കിടക്കും.
കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ പാലത്തിന്, നിരനിരയായി നിരങ്ങി നീങ്ങുന്ന ഭാരവാഹനങ്ങളെ താങ്ങാനാവാത്ത അവസ്ഥ.
റെയിൽവേ സ്റ്റേഷന് മുക്കാൽ കിലോമീറ്ററോളം മാത്രമേ ദൂരമുള്ളൂ. ഗതാഗതക്കുരുക്ക് സഹിക്കാനാവാതെ 15 ഓളം ബസുകൾ റൂട്ട് മാറി എരഞ്ഞോളി പഴയ പാലം വഴിയാണ് കടന്നുപോകുന്നത്. ഇതുമൂലം ഈ പ്രദേശത്തുകാർ ഒട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരികയാണ്.
എരഞ്ഞോളിപ്പാലം ഉയർത്തി
ജലപാത വരുന്നതിന്റെ മുന്നോടിയായി തൊട്ടടുത്ത എരഞ്ഞോളിപ്പാലം ഉയർത്തിയിട്ടുണ്ട്. എന്നാൽ കുയ്യാലി പാലം മാത്രം പുതുക്കി പണിത് ഉയർത്താൻ അധികൃതർ തയ്യാറായിട്ടില്ല. കൊടുവള്ളി, ടി.സി. റോഡ് എന്നിവയിൽ ഗതാഗതക്കുരുക്കുണ്ടാവുമ്പോൾ, വാഹനങ്ങളത്രയും കടന്ന് പോകുന്നത് ഇതുവഴിയാണ്. തൊട്ടടുത്ത ധർമ്മടം നിയോജകമണ്ഡലത്തിൽ എട്ടോളം പാലങ്ങളുടെ പണി ത്വരിതഗതിയിൽ നടക്കുന്നുണ്ട്. എന്നാൽ 1959 ൽ നഗരസഭയിലുൾപ്പെട്ട ഈ പാലം പുനർനിർമ്മിക്കാൻ ഇന്നേവരെ ബന്ധപ്പെട്ടവർ താൽപ്പര്യം കാണിക്കുന്നില്ല.