
കണ്ണൂർ: സ്ത്രീകൾക്കായി വനിതാ കോർപറേഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഷീടോയ്ലറ്റ് പദ്ധതി കണ്ണൂർ ജില്ലയിലും നിലംതൊട്ടില്ല. 2012ൽ ആരംഭിച്ച പദ്ധതി പ്രകാരം ജില്ലയിൽ ആകെ സ്ഥാപിച്ചത് ആറ് ടോയ്ലറ്റുകൾ മാത്രമാണ്.ഇവയുടെ തന്നെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട് .
നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് ഏറെ ആശ്രയമെന്ന നിലയിലാണ് ഷീടോയിലറ്റുകൾ ആസൂത്രണം ചെയ്തത്.എന്നാൽ പൂട്ടികിടക്കുകയും പ്രവർത്തനരഹിതവുമായ സ്ഥിതിയിലാണ് സ്ഥാപിക്കപ്പെട്ടവയിൽ ഭൂരിഭാഗവും.സ്ത്രീകൾക്ക് സുരക്ഷിതമായ ഉപയോഗിക്കാവുന്ന രീതിയിൽ പൊതു ശുചിമുറികൾ ഒരുക്കുന്നതിനായി 3.4 കോടി രൂപ ചെലവിൽ വനിതാ കോർപറേഷന്റെ നേതൃത്വത്തിലാണ് ഷീ ടോയ്ലറ്റുകൾ നിർമ്മിച്ചത്.
സംസ്ഥാനത്ത് 57 ടോയ്ലറ്റുകളാണ് സ്ഥാപിച്ചത്.എന്നാൽ പദ്ധതി ആരംഭിച്ച് അഞ്ച് വർഷമാകുമ്പോഴേക്കു തന്നെ
ഭൂരിഭാഗം എണ്ണത്തിനും താഴുവീണു. കൃത്യമായി ആസൂത്രണമില്ലാതെ സ്ഥാപിച്ചതാണ് പദ്ധതി പാളിയതിന് പിന്നിലെന്നാണ് ആക്ഷേപം.
നാണയമിട്ടിട്ടും തുറന്നില്ല
നാണയം ഇട്ടാൽ പ്രവർത്തിക്കുന്ന സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ഉപയോഗിച്ച നാപ്കിനുകൾ നിക്ഷേപിക്കാൻ ഇൻസിനറേറ്റർ, സുരക്ഷാ സവിശേഷതകൾ, വാതിലുകളിൽ ഇലക്ട്രോണിക്സ് ഡിസ്‌പ്ലേ ബോർഡ്, എഫ്.എം തുടങ്ങി സ്ത്രീ സൗഹൃദ സാങ്കേതിക വിദ്യാധിഷ്ഠിത ടോയ്ലറ്റുകൾ നിർമ്മിക്കുകയെന്നതായിരുന്നു പദ്ധതി.പ്രവർത്തിച്ചുതുടങ്ങിയതോടെ സാങ്കേതികവിദ്യകൾ താറുമാറായി. ആദ്യം നാണയം ഇട്ടാൽ വാതിലുകൾ തുറക്കാത്ത അവസ്ഥയായായിരുന്നു. ആദ്യം ഒന്നോ രണ്ടോ ടോയ്ലറ്റുകൾക്കാണ് ഈ പ്രശ്നം ഉണ്ടായിരുന്നതെങ്കിൽ പിന്നീട് എല്ലാ ടോയ്ലറ്റുകൾക്കും സമാനസ്ഥിതി വന്നു.
ദിനംപ്രതി പ്രശ്നങ്ങൾ വരാൻ തുടങ്ങിയതോടെ സർക്കാർ നിർദേശപ്രകാരം ഷീ ടോയിലറ്റുകൾക്ക് പൂട്ടും വീണു. കരാർ ഏറ്റെടുത്തവരുമായി ധാരണ ഉണ്ടാക്കാത്തതിനാൽ അറ്റകുറ്റപണികൾ പുറത്തുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കേണ്ടിയും വന്നു. ഇതിന് പുറമെ പരിപാലന ചെലവും അധികരിച്ചതോടെയാണ് ഷീ ടോയ്ലറ്റ് പദ്ധതിക്ക് പൂട്ടുവീണത്.
ടോയ്ലറ്റൊന്നിന് 5ലക്ഷം
സംസ്ഥാനത്ത് ആകെ 57
ആകെ ചിലവ് 3.4 കോടി
പൂട്ടിയ ഷീ ടോയ്ലറ്റുകൾ
തിരുവനന്തപുരം 26
കൊല്ലം 2
കോട്ടയം 4
പാലക്കാട് 3
മലപ്പുറം 3
കോഴിക്കോട് 11
കണ്ണൂർ 6
കാസർകോട് 2
കൊട്ടിഘോഷിച്ച പദ്ധതി
സ്ത്രീകൾക്ക് സുരക്ഷിതവും വൃത്തിയുള്ളതും സ്വീകാര്യമാകുന്നതുമായ മാതൃകാ പൊതുശൗചാലയമെന്ന നിലയിൽ
ആഘോഷിക്കപ്പെട്ട പദ്ധതിയായിരുന്നു ഷീ ടോയ്ലറ്റ്