father

കണ്ണൂർ: കണ്ണൂർ രൂപതയുടെ പ്രഥമ സഹായ മെത്രാൻ മോൺ. ഡോ.ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ നടക്കും.സ്ഥാനാരോഹണചടങ്ങിന് മുന്നോടിയായി 10ന് ഉച്ചകഴിഞ്ഞ് 2.45ന് ബർണശേരി ബി.എം.യു.പി സ്‌കൂൾ ജംഗ്ഷനിൽ നിന്നും വിശിഷ്ടാതിഥികളെ ഹോളിട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിലുള്ള പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും.

ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന മെത്രാഭിഷേക ചടങ്ങിൽ റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് സാൽവത്തോരോ പെനാകിയോയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുകർമങ്ങൾ ആരംഭിക്കും. കർദിനാളും മുംബൈ ആർച്ച് ബിഷപ്പുമായ ഓസ്വാർഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിൽപറമ്പിൽ എന്നിവർ സഹകാർമ്മികരാകും. കണ്ണൂരിന്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴിക്കോട് രൂപതാ ബിഷപ്പുമായ വർഗീസ് ചക്കാലക്കൽ വചനസന്ദേശം നൽകും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ, ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്‌തോലിക് നൂൺഷ്യോ ആയിരിക്കുന്ന് റവ. ലിയോപോൾഡോ ജിറേലി , തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ആശംസകൾ അർപ്പിക്കും. കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല അദ്ധ്യക്ഷത വഹിക്കും.