കാസർകോട്: മദ്യലഹരിയിൽ ട്രെയിനിൽ കയറി യാത്രക്കാരനെ ആക്രമിച്ച കേസിൽ പ്രതികളെ കണ്ടെത്താൻ സി.സി ടി.വി പരിശോധിക്കുന്നു. കൊല്ലം, ശക്തികുളങ്ങര സ്വദേശി മുരളി(62)യെയാണ് തലക്ക് പരിക്കോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് തലയിൽ ഏഴ് തുന്നികെട്ടലുകൾ വേണ്ടിവന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇല്യാസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11.45 ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. യുവാക്കൾ കയറിയതു മുതൽ ബഹളംവച്ച് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിലേക്ക് പോകുകയായിരുന്ന മുരളി, യുവാക്കൾ ഛർദ്ദിച്ച് വൃത്തിക്കേടാക്കിയത് കണ്ട് വൃത്തിയാക്കി പോകണമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ യുവാക്കൾ ബഹളം വെയ്ക്കുകയും മറ്റ് യാത്രക്കാർ ഇടപെട്ട് ഇവരെ കാഞ്ഞങ്ങാട്ട് ഇറക്കി വിടുകയുമായിരുന്നു. ട്രെയിൻ ഇറങ്ങിയ യുവാക്കൾ തൊട്ടുപിന്നാലെ താഴെ നിന്നും കരിങ്കല്ല് എടുത്ത് ആദ്യം എറിയുകയും ഏറ് കൊള്ളാത്തതിനാൽ ഇവരിൽ ഒരു യുവാവ് കല്ലുമായി ട്രെയിനിൽ വീണ്ടും കയറി മുരളിയുടെ തലയ്ക്ക് ശക്തിയായി കുത്തുകയുമായിരുന്നുവത്രെ.

രക്തം വാർന്നൊഴുകിയ ഉടനെ മുരളി ബോധരഹിതനായി. യാത്രക്കാരുടെ സഹായത്തോടെ മുറിവ് വെച്ചുകെട്ടുകയും റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരം ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോഴേക്കും അവിടെ പൊലീസ് ആംബുലൻസുമായി കാത്തുനിന്നിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. റെയിൽവേ പ്രിൻസിപ്പൽ എസ്.ഐ റെജികുമാർ, എസ്.ഐ എം.വി പ്രകാശൻ, എ.എസ്.ഐ ഇല്യാസ് എന്നിവരടങ്ങുന്ന പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.