
കാസർകോട്: കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഇന്നലെ ഉച്ചക്ക് 2.45 ഓടെ ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ പള്ളിക്കര പൂച്ചക്കാട് തെക്കുംപുറത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.
കല്ലേറിൽ ട്രെയിനിന്റെ ഇടതുഭാഗത്തെ ഗ്ലാസിന് പോറലേറ്റു.ഉച്ചക്ക് 2.30 ന് കാസർകോട് നിന്നാണ് വന്ദേഭാരത് പുറപ്പെട്ടത്. ട്രെയിൻ കോട്ടിക്കുളം വിട്ടതിന് ശേഷം കല്ലേറുണ്ടായെന്ന് ടി.ടി.ഇ ആണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആർ.പി.എഫും കാസർകോട് റെയിൽവേ പൊലീസും ബേക്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പള്ളിക്കരക്ക് സമീപം തെക്കുംപുറത്ത് വച്ചാണ് അക്രമം നടന്നതെന്ന് സ്ഥിരീകരിച്ചത്. കല്ലെറിഞ്ഞവരെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയാണ്. പള്ളിക്കര ബേക്കൽ ബീച്ചിന് സമീപം കഴിഞ്ഞ ദിവസം പാളത്തിൽ കല്ലെടുത്തു വച്ച സംഭവം ഉണ്ടായിരുന്നു. കാസർകോട് പള്ളത്ത് റെയിൽവേ ട്രാക്കിൽ കല്ലെടുത്ത് വച്ചതും ഈ സമീപദിവസമാണ്. ആ സംഭവങ്ങളിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് വന്ദേഭാരതിന് നേരെ ഇന്നലെ കല്ലേറുണ്ടായത്.