ranjith

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര ഉത്സവത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിണാവൂരിലെ രഞ്ജിതും മരിച്ചതോടെ ഒരു കുടുംബം കൂടി അനാഥമായി.ഭാര്യയും ഒരു കുട്ടിയുമുള്ള രഞ്ജിത് കെ.എസ്.ഇ.ബിയിൽ കരാർ വ്യവസ്ഥയിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് അപകടത്തിനിരയായത്.

നേരത്തെ കാഞ്ഞങ്ങാട്ടെ ജുവല്ലറിയിൽ സെയിൽസ് മാനായിരുന്ന രഞ്ജിത്ത് നടുവേദനയെ തുടർന്ന് ജോലി ഒഴിവാക്കി കെ. എസ്.ഇ.ബിയിൽ ഡ്രൈവറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. നിത്യരോഗികളായ അച്ഛൻ കുഞ്ഞിരാമന്റെയും അമ്മ ഉഷയുടെയുടെയും പുർണ്ണ ചുമതല രഞ്ജിതിനായിരുന്നു. രഞ്ജിത്തിന്റെ വിയോഗത്തോടെ ഈ കുടുംബത്തിന്റെ ഏകവരുമാനവും ഇല്ലാതായിരിക്കുകയാണ്.

ഒഴിവ് ദിവസങ്ങളിൽ കിണാവൂരിലെ കണ്ണൻകുന്ന് ചെറളത്ത് ഭഗവതി ക്ഷേത്ര ഭരണ സമിതി ഖജാൻജിയുടെ ചുമതല കൂടി ഉള്ളതിനാൽ അവിടെയും സജീവമായിരുന്നു രഞ്ജിത്.വിവാഹിതനാവുന്നതിന് മുമ്പ് ക്ഷേത്രം യുവജനവേദി പ്രവർത്തകനായിരുന്നു. പൂരക്കളി കമ്മറ്റിയിലും സജീവമായിരുന്നു. രഞ്ജിത് '

അത് പോലെ വെടിക്കെട്ടപകടത്തിൽ മരിച്ച സന്ദീപ്, ബിജു, എന്നിവരും യുവജനവേദി പ്രവർത്തകരും പൂരക്കളി കമ്മറ്റിയിലും സജീവമായിരുന്നു.പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച രതീഷും പൂരക്കളി കമ്മറ്റിയിൽ സജീവമായിരുന്നു.

വടക്കേ മലബാറിലെ ആദ്യത്തെ കളിയാട്ടമായതിനാലാണ് ഇവർ നാലു പേരും ജോലി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്ര വിശ്വാസികളായ ഇവർ നാലുപേരും മിക്ക ക്ഷേത്രങ്ങളിലും കളിയാട്ട ചടങ്ങുകളും പൂരക്കളിയും കാണാൻ ഒന്നിച്ചാണ് പോവുക പതിവ്.അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലും ജോലി കഴിഞ്ഞ് ഒന്നിച്ച് പോവുകയാണുണ്ടായത്.ഇവരുടെ നാലുപേരുടെ ദുരന്തം കിണാവൂർ ഗ്രാമത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി. ഇവർ എല്ലാവരുടെയും വീടുകൾ ഒരു കിലോമീറ്റർ ചുറ്റളവിലാണ് .