
നീലേശ്വരം: ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലായിടത്തും ഒന്നിച്ചായിരുന്നു സന്ദീപും ബിജുവും രതീഷും രഞ്ജിത്തും.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ട് ദുരന്തം ജീവനെടുത്തപ്പോൾ ഇവർ ഒന്നിച്ചുള്ള ആഘോഷങ്ങളുടെയും സന്തോഷങ്ങളുടേയും വീഡിയോ ദൃശ്യങ്ങൾ കണ്ട് നെഞ്ചുപൊടിയുകയാണ് കിണാവൂർ ഗ്രാമത്തിന്. തീർത്തും ദരിദ്രമായ ചുറ്റുപാടിൽ അദ്ധ്വാനിച്ച് കുടുംബം പുലർത്തിയ ഈ ചെറുപ്പക്കാരുടെ ഒന്നിച്ചുള്ള വിയോഗം താങ്ങാനാവാതെ കണ്ണീർ വാർക്കുകയാണ് ഇവിടുത്തുകാർ.
കിണാവൂരിലെ തീയസമുദായത്തിന്റെ പ്രധാന ക്ഷേത്രമായ കണ്ണൻകുന്ന് ചെറളത്ത് ഭഗവതിക്ഷേത്രം ഈ പ്രാവശ്യത്തെ കളിയാട്ടം തന്നെ ഒഴിവാക്കിയിരിക്കുകയാണ്.ക്ഷേത്രത്തിലെ യുവജനക്കൂട്ടായ്മയിലെ മുൻനിരയിലായിരുന്നു ബിജുവും രഞ്ജിത്തും സന്ദീപും.
കഴിഞ്ഞ 28ന് തെരു അഞ്ഞൂറ്റമ്പലം ക്ഷേത്ര കളിയാട്ടത്തിനിടെ അർദ്ധരാത്രിയോടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി ചികിത്സയിലായിരുന്ന സന്ദീപാണ് ആദ്യം മരിച്ചത്. പിറ്റേദിവസം രതീഷും അന്ന് വൈകുന്നേരത്തോടെ ബിജുവും മരണത്തിന് കീഴടങ്ങി. ഏറ്റവും ഒടുവിലായി ഇന്നലെ രഞ്ജിത്തും മരിച്ചതോടെ ഒരുമിച്ച് കളിയാട്ടം കാണാൻ പോയ നാലു പേരും ഓർമ്മയായി. കളിയാട്ടങ്ങൾ ഹരമായിരുന്നു ഊ ഉറ്റചങ്ങാതിമാർക്ക്. തെയ്യക്കെട്ട് സ്ഥലങ്ങളിലെല്ലാം നാലുപേരും എത്തുമായിരുന്നു. കളിയാട്ടത്തിന് തുടക്കമിടുന്ന അഞ്ഞൂറ്റമ്പലം വീരർ കാവിൽ വർഷങ്ങളായി ഇവർ പോകാറുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു
അപകട ദിവസം നാലുപേരും ചോയ്യംങ്കോട് ബസാറിൽ എത്തി മറ്റ് സുഹൃത്തുക്കളോടൊപ്പം അല്പനേരം ചിലവഴിച്ച ശേഷമാണ് ബിജുവിന്റെ സി.എൻ.ജി ഓട്ടോയിൽ നീലേശ്വരത്തേക്ക് പുറപ്പെട്ടത്. ചെറുവത്തൂരിൽ നിന്നും ഗ്യാസ് നിറച്ച ശേഷം നീലേശ്വരം ദേശീയപാതക്കരികിൽ വണ്ടി നിർത്തിയിട്ടാണ് സംഘം അഞ്ഞൂറ്റമ്പലത്തിലേക്ക് പോയത്. തെയ്യം വ്യക്തമായി കാണാനാവുന്ന തരത്തിലായിരുന്നു നാലുപേരും നിന്നത്. ഒന്ന് പിടഞ്ഞുമാറാൻ പോലും കഴിയാതെയാണ് ഇവരെ തീ വിഴുങ്ങിയത്. നാടിന്റെ പൊതുവിഷയങ്ങളിലെല്ലാം മുൻനിരയിൽ നിന്നിരുന്ന ചെറുപ്പക്കാരായിരുന്നു നാലുപേരും. സന്ദീപിനും ബിജുവിനും പറക്കമുറ്റത്ത് കുഞ്ഞുങ്ങളാണുള്ളത്. രജിത്തിന്റെ മാതാപിതാക്കൾ അസുഖബാധികരാണ്. കുഞ്ഞിനാകട്ടെ വെറും നാലുമാസം മാത്രമാണ് പ്രായം.സഹോദരിമാരടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്.