പയ്യന്നൂർ: കണ്ണൂർ റൂറലിൽ അധികാര പരിധിയിലും ജനസംഖ്യയിലും മുന്നിട്ടുനിൽക്കുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ, അടിസ്ഥാന സൗകര്യത്തിൽ കാലോചിത മാറ്റമില്ലാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
1910ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പ്രവൃത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ, പുതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ 1988 മാർച്ച് 7 മുതലാണ് പ്രവർത്തനം തുടങ്ങിയത്. 36 വർഷം മുൻപ് അന്നത്തെ സാഹചര്യത്തിനനുസരിച്ച് നിർമ്മിച്ചതാണ് കെട്ടിടം. പഴയ പ്ലാനിൽ നിർമ്മിച്ച കെട്ടിടമായതിനാൽ അകത്ത് സൗകര്യം കുറവാണ്. ഫയലുകളും മറ്റും സൂക്ഷിക്കുവാനും ബുദ്ധിമുട്ടുന്നുണ്ട്. നിലവിലുള്ള അംഗസംഖ്യയിൽ മൂന്ന് പേരുടെ കുറവ് ഇപ്പോഴുണ്ട്. 9 ഹോം ഗാർഡുമാർ ഡ്യൂട്ടിക്കുണ്ട്. ഇവർക്കെല്ലാം അവശ്യത്തിന് റെസ്റ്റ് റൂം ഇല്ല. ശുചി മുറി സൗകര്യവും കുറവാണ്. ഇത് പരാതിക്കാരായും മറ്റും എത്തുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കാലപ്പഴക്കത്താൽ കെട്ടിടത്തിന് ചോർച്ച അനുഭവപ്പെടുകയും കോൺക്രീറ്റ് അടർന്നുവീഴുവാനും തുടങ്ങിയപ്പോൾ മുകളിൽ ഒരു നില കൂടി പണിത് ഷീറ്റിട്ടാണ് തത്കാലം രക്ഷനേടിയത്. ഷീറ്റിനടയിൽ സീലിംഗ് ഇല്ലാത്തതിനാൽ ചൂട് കാരണം അവിടെ ഇരുന്ന് ജോലി ചെയ്യുവാനും പറ്റുന്നില്ല. പഴയ രണ്ട് ജീപ്പ് മാത്രമാണ് സ്റ്റേഷനിൽ ഉള്ളത്. മുൻപ് ഏതാനും ഇരുചക്ര വാഹനമുണ്ടായിരുന്നെങ്കിലും കാലപ്പഴക്കത്താൽ അവയെല്ലാം ഉപയോഗശൂന്യമായി.
ഏഷ്യയിലെ ഏറ്റവും വലിയ ഏഴിമല നാവിക അക്കാഡമി അടക്കമുള്ള തന്ത്രപ്രധാനമായ നിരവധി സ്ഥാപനങ്ങളും സ്ഥലങ്ങളുമുള്ള സ്റ്റേഷൻ പരിധിയിൽ ആകെയുള്ള പഴയ രണ്ട് വാഹനം ഉപയോഗിച്ച് എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് വളരെയേറെയാണ്. എസ്.പി.സി പദ്ധതിയുള്ള സ്കൂളുകളിൽ എത്തുന്നത് സ്വന്തം കൈയിൽ നിന്നും പണം മുടക്കിയാണ്.
അംഗബലം
സ്റ്റേഷൻ ഹൗസ് ഓഫീസർ (സി.ഐ) 1 , പ്രിൻസിപ്പൽ എസ്.ഐ 1 , അഡീഷണൽ എസ്.ഐ 4, എ.എസ്.ഐ 3, സീനിയർ സിവിൽ പൊലീസ് ഓഫീസർ 13, സിവിൽ പൊലീസ് ഓഫീസർ 27, വനിത പൊലീസ് 10, ഡ്രൈവർ 3, സ്വീപ്പർ 1
പരിധിയിൽ നഗരസഭയും
മൂന്ന് പഞ്ചായത്തുകളും
പയ്യന്നൂർ നഗരസഭ, രാമന്തളി, കരിവെള്ളൂർ പെരളം, കുഞ്ഞിമംഗലം എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ പയ്യന്നൂർ, വെള്ളൂർ, കോറോം, രാമന്തളി, കുഞ്ഞിമംഗലം, കരിവെള്ളൂർ, പെരളം എന്നീ ഏഴ് വില്ലേജുകൾ ഉൾപ്പെടുന്ന വലിയയൊരു പ്രദേശം സ്റ്റേഷൻ പരിധിയിലാണ്. കോറോം, കരിവെള്ളൂർ, കണ്ടങ്കാളി, പയ്യന്നൂർ ഗവ. ബോയ്സ്, കുഞ്ഞിമംഗലം എന്നീ അഞ്ച് സ്കൂളുകളിൽ എസ്.പി.സി. പദ്ധതിയുമുണ്ട്.
1. പയ്യന്നൂരിന്റെ വികസനം കണക്കിലെടുത്തും വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പ്രത്യേക ട്രാഫിക്ക് യൂനിറ്റ് അനുവദിക്കുമെന്ന പ്രഖ്യാപനം വർഷങ്ങൾക്ക് മുൻപ് തന്നെ നടത്തിയിരുന്നുവെങ്കിലും പ്രാവർത്തികമായിട്ടില്ല.
2. പൊലീസ് സ്റ്റേഷൻ നിൽക്കുന്ന സ്ഥലം താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലമായാൽ ടോയ്ലെറ്റിൽ വെള്ളം പൊങ്ങി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.
3. സബ് ഡിവിഷണൽ ഹെഡ് ക്വാർട്ടേഴ്സ് കേന്ദ്രമായി ഉയർത്തിയ പയ്യന്നൂരിൽ ഡിവൈ.എസ്.പി ഓഫീസ് പ്രവർത്തിക്കുന്നത്, മതിയായ സൗകര്യമില്ലാത്ത പഴയ സർക്കിൾ ഓഫീസ് കെട്ടിടത്തിലാണ്. ഇതിനു മുകളിൽ ജില്ലാ പൊലീസ് കമാൻഡ് സെന്ററും (കൺട്രോൾ റൂം) പ്രവർത്തിക്കുന്നുണ്ട്.
പരിതാപകരം ഫാമിലി ക്വാർട്ടേഴ്സ്
താമസത്തിനുള്ള ഫാമിലി ക്വാർട്ടേഴ്സ് പൊലീസുകാർക്ക് ദുരിതമാകുകയാണ്. സ്റ്റേഷന് തൊട്ടടുത്ത് ടൗണിന്റെ കണ്ണായ സ്ഥലത്ത് മൂന്നു നിലകളിൽ മൂന്നുകെട്ടിടങ്ങളിലായി പണിത ക്വാർട്ടേഴ്സിൽ, 24 ലോവർ സബോർഡിനേറ്റ് ഫാമിലി ക്വാർട്ടേഴ്സും 5 അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകളുമുണ്ട്. ഏകദേശം 30 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികളൊന്നും നടത്താതിനാൽ പലതും താമസയോഗ്യമല്ല. ക്വാർട്ടേഴ്സിന് ചുറ്റും കാട് വളർന്നത് കാരണം ഇഴജന്തുക്കളെയും പേടിക്കണം.
ലേഖകന്റെ ഫോൺ നമ്പർ - 9446773575