mla
ഉദുമ കുറുക്കൻകുന്ന് തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവ ആഘോഷകമ്മിറ്റി രൂപവത്കരണ യോഗം സി എച്ച്. കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: വയനാട്ടുകുലവൻ തെയ്യംകെട്ടുകൾ മതേതര ഉത്സവങ്ങളാണെന്നും നാട്ടുനന്മയുടെ സൗഹൃദ വേദിയാണെന്നും സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. പറഞ്ഞു. പാലക്കുന്ന് കഴകം വടക്കേക്കര പ്രദേശിക പരിധിയിൽ പെടുന്ന ഉദുമ കുറുക്കൻകുന്ന് വയനാട്ടുകുലവൻ തറവാട്ടിൽ അടുത്ത വർഷം നടക്കുന്ന തെയ്യംകെട്ട് നടത്തിപ്പിനായുള്ള ആഘോഷകമ്മിറ്റി രൂപവത്ക്കരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി, ഉത്തര മലബാർ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്‌ രാജൻ പെരിയ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പുഷ്പ ശ്രീധരൻ, വാർഡ് അംഗം ചന്ദ്രൻ നാലാംവാതുക്കൽ, കോതാറമ്പത്ത് വിഷ്ണുമൂർത്തി ക്ഷേത്ര നഗരസഭ പ്രസിഡന്റ്‌ കെ.വി.രഘുനാഥ്, കോതാറമ്പൻ തറവാട് ചൂളിയാർ ഭഗവതി ക്ഷേത്ര ട്രഷറർ നാരായണൻ അരവത്ത്, മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, പ്രാദേശിക സമിതി സെക്രട്ടറി കെ.വി. കുഞ്ഞപ്പു, തമ്പാൻ ചേടിക്കുന്ന്, തറവാട് പ്രസിഡന്റ്‌ ചന്ദ്രൻ പെരിയ, ചന്ദ്രൻ കൊക്കാൽ എന്നിവർ പ്രസംഗിച്ചു. മാങ്ങാട് ശശിധരൻ ജ്യോൽസ്യരുടെ നേതൃത്വത്തിൽ നടന്ന പ്രശ്‌ന ചിന്തയിൽ ഏപ്രിൽ 29 മുതൽ മേയ്‌ ഒന്ന് വരെ ഉത്സവം നടത്താൻ തീരുമാനമായി. മാർച്ച്‌ 30 ന് കൂവം അളക്കും. 49 വർഷം മുൻപ് തെയ്യംകെട്ട് നടന്ന തറവാടാണിത്. ഭാരവാഹികൾ: കൊപ്പൽ പ്രഭാകരൻ (ചെയർമാൻ), കൃഷ്ണൻ ചട്ടഞ്ചാൽ( വർക്കിംഗ് ചെയർമാൻ), അച്യുതൻ ആടിയത്ത് (ജന.കൺവീനർ), സുരേഷ് ബാര (ട്രഷറർ), ബാബു കൊക്കാൽ, പ്രമോദ്കുമാർ പാണ്ടി (വർക്കിംഗ് കോർഡിനേറ്റർ).